പത്രം, പാൽ വിതരണം മുതൽ അദ്ധ്യാപനം വരെ തിരക്കിലാണ് ഈ സ്ഥാനാർത്ഥി
കോഴിക്കോട്: എടക്കാട് വാർഡിൽ നിന്ന് കോഴിക്കോട് കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.വി അഞ്ജന എടക്കാട്ടുകാർക്ക് പുതുമുഖമല്ല. അതിരാവിലെ പാലും പത്രവുമായി വീടുകളിലെത്തുകയും വെെകീട്ട് കുട്ടികൾക്ക് ട്യൂഷനെടുക്കുകയും ചെയ്യുന്ന വീട്ടിലെ ഒരംഗമാണ്. എന്നാൽ ഇത്തവണ വീടുകളിലെത്തുന്ന അഞ്ജന പാലും പത്രവും നൽകുന്നതിനൊപ്പം കന്നിയങ്കത്തിനൊരുങ്ങുന്ന ഈ 25കാരി ഒരു വോട്ട് കൂടെ ചോദിക്കും.
പുലർച്ചെ 4.30 ന് ഉണർന്ന് ഇരുചക്രവാഹനത്തിൽ എടക്കാട് പാൽ സൊസെെറ്റിയിൽ നിന്നും പാലും പത്രങ്ങളുമായി അഞ്ജന യാത്ര തിരിക്കും. 130 ഓളം വീടുകളിൽ പത്രവും 30 ഓളം വീടുകളിൽ പാലും വിതരണം ചെയ്ത ശേഷം കരിക്കാം കുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി സ്ഥലത്തേക്ക്. ജോലികഴിഞ്ഞെത്തിയാലും അഞ്ജനയ്ക്ക് വിശ്രമമില്ല. നേരേ കുട്ടികൾക്ക് ട്യൂഷനെടുപ്പ്. സ്ഥാനാർത്ഥിയായെങ്കിലും ഈ ദിനചര്യ അഞ്ജന മുടക്കാറില്ല. ജോലി താത്കാലികമായി നിറുത്തി വെച്ചാണ് ഇപ്പോൾ പ്രചാരണത്തിനിറങ്ങുന്നത്.
രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിനിടെ ഡി.സി.സിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട കാര്യം അഞ്ജന അറിയുന്നത്. അമ്പരപ്പിനൊടുവിൽ തന്നെ തേടിയെത്തിയ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിന് നേതാക്കൾക്ക് നന്ദിയറിയിക്കുകയും ചെയ്തു. കെ.എസ്.യു പ്രവർത്തകയായി കരുത്ത് തെളിയിച്ച അഞ്ജന നിലവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടിയാണ്. ബി.കോം ബിരുദ പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ച അഞ്ജന സാമ്പത്തിക പ്രയാസത്തെ തുടർന്ന് പ്രദേശത്തെ പത്ര വിതരണവും പാൽ വിതരണവും ചെറിയ രീതിയിൽ ട്യൂഷനും ഒരുമിച്ച് കൊണ്ടുപോകുകയായിരുന്നു. എടക്കാട് വയപുറത്ത് ഓട്ടോ ഡ്രെെവറായ ജയകുമാറിന്റെയും സിന്ധുവിന്റെയും മകളാണ്. അർച്ചന എൻ.വി സഹോദരിയാണ്. നാട്ടിലെ കുണ്ടും കുഴികളുമില്ലാത്ത റോഡുകൾ, നല്ലൊരു കളിസ്ഥലം, വൃദ്ധർക്ക് ചെന്നിരിക്കാൻ ഒരിടം എന്നിങ്ങനെ അഞ്ജനയുടെ വികസന സ്വപ്നങ്ങൾ.