ഗവർണറുടെ ഓഫീസിൽ കോടതിക്ക് ഇടപെടാം

Friday 21 November 2025 1:41 AM IST

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ റഫറൻസ് പരിഗണിച്ച സുപ്രീംകോടതി, 111 പേജുകളിലായാണ് തങ്ങളുടെ അഭിപ്രായം വിശദീകരിച്ചത്. 14 ചോദ്യങ്ങളാണ് രാഷ്‌ട്രപതി ഉന്നയിച്ചിരുന്നത്. ചോദ്യങ്ങളും മറുപടിയും.

1.ബിൽ ഗവർണറുടെ മുന്നിലെത്തുമ്പോൾ എന്തെല്ലാം നടപടികൾ സ്വീകരിക്കാം ?

ബിൽ അംഗീകരിക്കാം. അനുമതി നൽകേണ്ടെന്നാണ് നിലപാടെങ്കിൽ തിരിച്ചയയ്ക്കണം. രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കും വിടാം. പിടിച്ചുവയ്‌ക്കാൻ ഗവർണറെ അനുവദിക്കുന്നത് ഫെഡറൽ തത്വങ്ങളെ അവഹേളിക്കലാണ്. ഗവർണർക്ക് പിടിച്ചുവയ്‌ക്കാമെന്ന കേന്ദ്രസർക്കാരിന്റെ വാദമാണ് തള്ളിയത്

2. മന്ത്രിസഭയുടെ ഉപദേശ നിർദ്ദേശങ്ങൾ പാലിക്കാൻ ഗവർണർ ബാദ്ധ്യസ്ഥനാണോ?

ഗവർണർ ബാദ്ധ്യസ്ഥനാണെങ്കിലും വിവേചനാധികാരവുമുണ്ട്. ബിൽ തിരിച്ചയയ്ക്കാനും,രാഷ്ട്രപതിക്ക് അയയ്ക്കാനും മാത്രമാണിത്

3. ബില്ലുകളിൽ തീരുമാനമെടുക്കുമ്പോൾ ഗവർണർ ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

നിയമവിധേയമാണ്. എന്നാൽ ബില്ലിൽ അടയിരിക്കാൻ കഴിയില്ല. ന്യായമായ സമയത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാം

4.ഗവർണറുടെ നടപടികൾക്ക് അനുച്ഛേദം 361 പ്രകാരം ഭരണഘടനാ പരിരക്ഷയും, ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിലക്കുമുണ്ടോ?

ജുഡീഷ്യൽ പരിശോധനയ്‌ക്ക് വിധേയമാക്കാൻ വിലക്കുണ്ടെങ്കിലും തീരുമാനം വൈകിയാൽ ഇടപെടാൻ കോടതിക്ക് കഴിയും. ഗവർണർക്ക് വ്യക്തിപരമായി പരിരക്ഷയുണ്ട്. എന്നാൽ ഗവർണറുടെ ഓഫീസ് കോടതിയുടെ അധികാരപരിധിയിൽ വരും.

5. ജുഡീഷ്യൽ ഉത്തരവുകൾ വഴി സമയപരിധി നിശ്ചയിക്കാൻ കഴിയുമോ?

6. അനുച്ഛേദം 201 പ്രകാരം രാഷ്ട്രപതി ഭരണഘടനാപരമായ വിവേചനാധികാരം പ്രയോഗിക്കുന്നത് നിയമവിധേയമാണോ?

7. രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുവഴി അതിനു കഴിയുമോ ?

5,6,7 ചോദ്യങ്ങൾക്ക് ഒരുമിച്ചാണ് ഉത്തരം. ഭരണഘടനയിൽ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. അതിനാൽ കോടതിക്ക് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി വയ്‌ക്കാനാകില്ല.

8. ബിൽ രാഷ്ട്രപതിക്ക് വിട്ടാൽ അനുച്ഛേദം 143 പ്രകാരം രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം ആരായേണ്ടതുണ്ടോ?

ഓരോതവണ ബിൽ എത്തുമ്പോഴും അഭിപ്രായം ചോദിക്കേണ്ടതില്ല. രാഷ്ട്രപതിക്ക് സ്വയം ബോദ്ധ്യപ്പെട്ടാൽ മതി.

9.ബിൽ നിയമമാകുന്നതിന് മുൻപ് ഉള്ളടക്കം പരിശോധിച്ച് ഉത്തരവിടാൻ കോടതികൾക്ക് അധികാരമുണ്ടോ?

ബില്ലിന്റെ ഉള്ളടക്കം പരിശോധിക്കാൻ കോടതിക്ക് അധികാരമില്ല. നിയമമായ ശേഷമേ കോടതിയിൽ ചോദ്യംചെയ്യാൻ കഴിയൂ

10. 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം രാഷ്ട്രപതിയുടെയോ ഗവർണറുടെയോ തീരുമാനങ്ങൾക്കെതിരെ പ്രയോഗിക്കാൻ കഴിയുമോ?​

ഇല്ല

11.ഗവർണറുടെ അനുമതിയില്ലാതെയുള്ള നിയമം നിലനിൽക്കുന്നതാണോ?​

ബില്ലിന് ഗവർണറുടെ അനുമതി അനിവാര്യം

12.ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നമുയ‌ർന്നാൽ അഞ്ച് ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചിലേക്ക് വിടേണ്ടതല്ലേ?​

അഞ്ചംഗബെഞ്ച് പരിഗണിച്ച സാഹചര്യത്തിൽ ഈ ചോദ്യം അപ്രസക്‌തം

13. 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ?

രാഷ്ട്രപതിയുടെയും ഗവർണറുടെയും ഭരണഘടനാ അധികാരങ്ങൾ കോടതിക്ക് മാറ്റിമറിക്കാനാവില്ല

14.കേന്ദ്ര - സംസ്ഥാന തർക്കം പരിഹരിക്കാൻ അനുച്ഛേദം 131 പ്രകാരം ലഭിക്കുന്ന ഹർജി മുഖേന മാത്രമല്ലേ സാധിക്കുകയുള്ളൂ?​​

പ്രസക്തമല്ലാത്ത ചോദ്യം