62കാരനെ താമസസ്ഥലത്ത് കയറി മർദ്ദിച്ചവരെക്കുറിച്ച് സൂചന
Friday 21 November 2025 1:45 AM IST
ആലുവ: ആലുവ ബ്രിഡ്ജ് റോഡിലെ ലോഡ്ജ് മുറിയിൽ കയറി 62കാരനെ ആക്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പറവൂരുകാരായ ചിലർ ഏർപ്പെടുത്തിയ ക്വട്ടേഷനാണെന്നാണ് വിവരം. ക്വട്ടേഷൻസംഘം മാസ്ക് ധരിച്ചെത്തിയതിനാൽ മുഖം വ്യക്തമല്ല. സംഘത്തെ ഏർപ്പെടുത്തിയവരെക്കുറിച്ചാണ് പൊലീസിന് വിവരം ലഭിച്ചത്.
മൂത്തകുന്നം പഴമ്പിള്ളിശേരിയിൽ പി.എസ്. രാജേന്ദ്രപ്രസാദിനെയാണ് (62) ബുധനാഴ്ച രാവിലെ അജ്ഞാതരായ രണ്ടംഗസംഘം മുറിയിൽക്കയറി ആക്രമിച്ചത്. രാഷ്ട്രീയ - സാമുദായിക ഭേദമെന്യേ നിരവധി പേരെ സോഷ്യൽമീഡിയ പേജുകളിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട ആരോപണ വിധേയനാണ് രാജേന്ദ്രപ്രസാദ്. അതിനാൽ ഇയാൾക്ക് നിരവധി ശത്രുക്കളുണ്ട്. ആലുവ പൊലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.