വലയിലായത് സി.പി.എം വമ്പൻ

Friday 21 November 2025 1:52 AM IST

പത്തനംതിട്ട: സ്വർണപ്പാളി കേസിൽ മുൻ എം.എൽ.എ എ.പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി. ഇതുവരെ അറസ്റ്റിലായവരിൽ രാഷ്ട്രീയ രംഗത്തെ ഉന്നതനാണ് പത്മകുമാർ. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ബോർഡ് പ്രസിഡന്റും സി.പി.എം നേതാവും.

സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാർ 1991-96ൽ കോന്നി എം.എൽ.എ ആയിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അടൂർ പ്രകാശിനോട് തോറ്റു. നാല് പതിറ്റാണ്ടിലേറെയായി ജില്ലാ കമ്മിറ്റിയംഗവും 32 വർഷം ജില്ലാ സെക്രട്ടേറിയറ്റംഗവുമായിരുന്നു. കുറച്ചുകാലം ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

വി. എസ് - പിണറായി വിഭാഗീയത രൂക്ഷമായ കാലത്ത് പത്തനംതിട്ട ജില്ല വി.എസിനൊപ്പം നിന്നപ്പോൾ പിണറായി പക്ഷത്ത് നിലയുറപ്പിച്ച ഒറ്റയാനായിരുന്നു പത്മകുമാർ. ആദ്യ പിണറായി സർക്കാരിന്റെ കാലത്താണ് ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. ശബരിമലയിൽ എല്ലാ വിഭാഗം സ്ത്രീകൾക്കും പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ നീക്കം ആരംഭിച്ചപ്പോൾ " എന്റെ കുടുംബത്തിൽ നിന്ന് ഒരു യുവതിയും ശബരിമലയിലേക്ക് പോകില്ലെന്ന്' പത്മകുമാർ നടത്തിയ വൈകാരിക പ്രതികരണം സർക്കാർ, പാർട്ടി നയങ്ങൾക്ക് വിരുദ്ധമായതോടെ അദ്ദേഹം പിണറായിക്ക് അനഭിമതനായി. അന്ന് ദേവസ്വം കമ്മിഷണറായിരുന്ന എൻ. വാസുവിനെ ഉപയോഗിച്ചാണ് സർക്കാർ യുവതി പ്രവേശനത്തിന് നടപടികൾ നീക്കിയത്. പിന്നീട് പത്തനംതിട്ടയിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പത്മകുമാറിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു. അന്ന് പാർട്ടി ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പത്മകുമാറിനെതിരെ ജില്ലാ കമ്മിറ്റിയിലും കടുത്ത വിമർശനമുണ്ടായി. മുഖ്യമന്ത്രിയുടെ ജില്ലാ പര്യടനത്തിന്റെ അടൂരിലെ നടത്തിപ്പിന്റെ പേരിൽ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗവുമായി ശാരീരികായി ഏറ്റുമുട്ടിയതും പത്മകുമാറിന് വിനയായി.

കൊല്ലത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ തന്നെ തഴഞ്ഞ് മന്ത്രി വീണാജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ പത്മകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പാർട്ടി നടപടിയെ പരസ്യമായി വിമർശിക്കുകയും ചെയ്തു. ഇതോടെ ജില്ലാ സെക്രട്ടേറിയറ്റിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതെ ആ സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്.