കടകംപള്ളിയെ ചോദ്യം ചെയ്യണം: സതീശൻ
കൊച്ചി: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എൻ. വാസുവിന് പിന്നാലെ പത്മകുമാറും അറസ്റ്റിലായ സാഹചര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സുരേന്ദ്രനും സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്.
കടകംപള്ളിയുടെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. പോറ്റിയെക്കുറിച്ച് കടകംപള്ളി നല്ല അഭിപ്രായമാണ് പറഞ്ഞത്. അറസ്റ്റിലായ ശേഷവും എൻ. വാസു മികച്ച ഉദ്യോഗസ്ഥനെന്ന് കടകംപള്ളി ന്യായീകരിച്ചത് തനിക്കെതിരെ മൊഴി കൊടുക്കുമെന്ന് പേടിച്ചാണ്.
വീണ്ടും കൊള്ള നടത്താനാണ് പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് പോറ്റിയെ വീണ്ടും വിളിച്ചുവരുത്തിയത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം വരെ കൊള്ളയടിക്കുമായിരുന്നു. അയ്യപ്പന്റെ അമൂല്യവസ്തുക്കൾ കൊള്ളയടിക്കപ്പെട്ടതിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ പറഞ്ഞു.