അതിഥികളെ വിളിച്ചുണർത്തുന്നത് സിംഹക്കുട്ടി, അവസരം ഉപയോഗിക്കാൻ റെഡിയായി താമസക്കാർ

Thursday 20 November 2025 10:10 PM IST

ബീജീംഗ്: രാവിലെ ഉറക്കമുണർന്ന് വരുന്ന അതിഥികളുടെ കൂടെ കളിക്കാൻ സിംഹക്കുട്ടികളെ തരാമെന്ന് ഹോട്ടൽ പരസ്യം. ചെെനയിലെ ജിയാംഗ്സുവിലെ ഒരു ഹോട്ടലാണ് വ്യത്യസ്തമായ പരസ്യം നൽകിയിരിക്കുന്നത്.

റൂം ബുക്ക് ചെയ്തയാൾക്ക് മുറിയിൽ പോകുന്നതിന് മുമ്പ് ഒരു സിംഹക്കുട്ടിയെ കൂടി നൽകുന്ന പരസ്യമാണ് ഹോട്ടൽ അധികൃതർ പുറത്തിറക്കിയത്. ഒരു സൂക്ഷിപ്പുകാരനോടൊപ്പം സിംഹക്കുട്ടി കുട്ടികളോടൊപ്പം കളിക്കുന്നതും പരസ്യത്തിലുണ്ട്. 628യുവാൻ ഏകദേശം 7000 രൂപയാണ് ഇതിനായി മുടക്കേണ്ടത്. എല്ലാ മുറികളിലും സിംഹക്കുട്ടിയുടെ സേവനം ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ എട്ടുമുതൽ പത്തുവരെ നിങ്ങളെ വിളിച്ചുണർത്താൻ സിംഹക്കുട്ടികൾ എത്തും. ഇത്തരത്തിലുള്ള ഓരോ സെഷനും ഏഴു മിനിറ്റ് വരെ നീണ്ടുനിൽക്കുകയും ചെയ്യും.

എന്നാൽ ഇതിനായി പണം മാത്രമല്ല ഒരു കരാറിലും അതിഥികൾ ഒപ്പിട്ട് നൽകണം. ഏഷ്യാറ്റിക് ലയൺ വേക്ക് അപ്പ് എന്ന കരാറിലാണ് അതിഥികൾ ഒപ്പിടേണ്ടത്. സിംഹക്കുട്ടിയോടൊപ്പം എപ്പോഴും ഒരു പരിചാരകൻ കൂടെയുണ്ടാകും. അതിഥികൾ അവരുടെ സുരക്ഷയെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണം. നവംബർ അവസാനം വരെ ബുക്കിംഗ് നടന്നിട്ടുണ്ടെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. തങ്ങളുടെ സേവനം നിയമപരമാണെന്നും അവർ അവകാശപ്പെടുന്നുണ്ട്.

അതേസമയം സോഷ്യൽ മീ‌ഡിയയിൽ വ്യത്യസ്ത പ്രതികരണങ്ങളാണ് കാഴ്ചക്കാർ പങ്കുവയ്ക്കുന്നത്. നിരവധി ആളുകൾ സംഭവത്തെ പിന്തുണക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ജൂണിൽ ചൈനയിലെ മറ്റൊരു ഹോട്ടലിൽ താമസക്കാർക്ക് പാണ്ടയുടെ സേവനവും വാഗ്ദാനം ചെയ്തിരുന്നു.