പ്രതിസന്ധി ഒഴിയാതെ കോൺഗ്രസും ലീഗും കുഴഞ്ഞുലഞ്ഞ് യു.ഡി.എഫ്
കോഴിക്കോട്: വോട്ടില്ലാത്തയാളെ മേയർ സ്ഥാനാർത്ഥിയാക്കിയതിലൂടെ കോൺഗ്രസുണ്ടാക്കിയ നാണക്കേടും ലീഗിലെ കൊഴിഞ്ഞുപോക്കും യു.ഡി.എഫിനെ കുഴക്കുന്നു. സെലിബ്രിറ്റി സ്ഥാനാർത്ഥിയായാണ് കോൺഗ്രസ് കല്ലായിയിൽ വി.എം.വിനുവിനെ രംഗത്തിറക്കിയത്. ഒടുക്കം 2020ലെ തിരഞ്ഞെടുപ്പിൽ പോലും വോട്ടില്ലെന്ന വിവരം പുറത്തുവരികയും പരാതിയിൽ കണക്കിട്ട് കോടതി പ്രഹരിക്കുകയും ചെയ്തതോടെ കോൺഗ്രസ് വെട്ടിലായി. യു.ഡി.എഫ് മുന്നണിയെ നയിക്കുന്ന കോൺഗ്രസിലെ പ്രശ്‌നങ്ങൾ ഇങ്ങനെയെങ്കിൽ കഴിഞ്ഞ കാലത്തൊന്നുമില്ലാത്ത രാജിക്കെണിയിലാണ് മുസ്ലിംലീഗ്. ആദ്യ രാജി ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം യു.പോക്കറുടേതായിരുന്നു. പിന്നാലെ സിറ്റിംഗ് കൗൺസിലറുടെ പാർട്ടി മാറ്റവും വടകരയിലെ വിമതനുമെല്ലാം ലീഗിനെയും ആപ്പിലാക്കി. കോഴിക്കോട് കോർപ്പറേഷനിൽ കഴിഞ്ഞ തവണ 75 സീറ്റിൽ ഒമ്പത് കോൺഗ്രസും എട്ട് ലീഗുമായിരുന്നു. 45 സീറ്റ് സ്വന്തമാക്കിയ സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിക്ക് 51 സീറ്റായിരുന്നു. ഏഴുസീറ്റ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയും നേടി.
വിമതരും രാജിയുമായി ലീഗ്
യു.ഡി.എഫിന്റെ മുന്നേറ്റ സ്വപ്നങ്ങൾക്ക് ഭീഷണിയായി മുസ്ലിം ലീഗിലെ വിമത പ്രശ്‌നം. മൂന്നാലിങ്കൽ വാർഡിലെ ലീഗ് കൗൺസിലർ കെ.റംലത്ത് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർ.ജെ.ഡി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ലീഗിന് വലിയ തിരിച്ചടിയായിരുന്നു. വടകര നഗരസഭയിലെ രണ്ടാം വാർഡിലും ലീഗിന് വിമത സ്ഥാനാർത്ഥി വന്നിരിക്കുകയാണ്. വീരഞ്ചേരിയിൽ ലീഗിന്റെ പ്രാദേശിക നേതാവ് വി.സി.വി നാസറാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നത്. യു.ഡി.എഫ് മുൻസിപ്പൽ കമ്മിറ്റി ചെയർമാനായ എം.കെ ഫൈസലാണ് ഔദ്യോഗിക സ്ഥാനാർത്ഥി. നാട്ടുകാരനായ നാസർ വോട്ട് പിടിച്ചാൽ വാർഡിൽ യു.ഡി.എഫിന്റെ സാദ്ധ്യത മങ്ങും.
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ യു.പോക്കർ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു. എൽ.ഡി.എഫ് സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും സി.പി. എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് യു.ഡി.എഫിന് തിരിച്ചടിയായി. കഴിഞ്ഞ നാല് പതിറ്റാണ്ടായി മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ട്രേഡ് യൂണിയൻ രംഗത്ത് വിവിധ പദവികളിലായി പ്രവർത്തിച്ച പോക്കർ പാർട്ടിവിട്ടത് ലീഗിനെ ഞെട്ടിച്ചിരിക്കുകയാണ്.
സമസ്ത പണി തരുമോ..?
എക്കാലവും ലീഗിന്റെ ഉറച്ച വോട്ടാണ് ഇ.കെ.വിഭാഗം സമസ്ത. കഴിഞ്ഞ കുറച്ചുകാലമായി സമസ്തയുമായുള്ള ഭിന്നതയും പാർട്ടിക്ക് തിരിച്ചടിയാകുമോ എന്ന് ലീഗ് നേതൃത്വത്തിന് ഭയമുണ്ട്. പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് മൂഴിക്കലിൽ നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നിരവധി പേർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. 2020 ൽ ജമാ അത്തെ ഇസ്ലാമിയുമായുള്ള രാഷ്ട്രീയ കൂട്ടുകെട്ട് പരീക്ഷിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് അന്ന് മാറി നിന്ന വനിതാ ലീഗ് നേതാവിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് രാജി. കോഴിക്കോട് നോർത്ത് മണ്ഡലം വനിതാ ലീഗ് മുൻ പ്രസിഡന്റ് കൂടിയായ സാജിദ മുസ്തഫയും ഭർത്താവും മണ്ഡലം യു.ഡി.എഫ് ചെയർമാനും മേഖലാ ലീഗ് പ്രസിഡന്റുമായ മുസ്തഫ മൂഴിക്കലുമാണ് രാജിവെച്ചത്.