സീറ്റ് വിഭജന തർക്കം തീർന്നു: കാമരാജ് കോൺഗ്രസിന് നാല് വാർഡുകൾ

Friday 21 November 2025 12:23 AM IST
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്

കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോഴിക്കോട് കോർപ്പറേഷൻ വാർഡുകളിലെ സീറ്റ് വിഭജനത്തിൽ ബി.ജെ.പിയും കേരള കാമരാജ് കോൺഗ്രസും തമ്മിലുള്ള തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിച്ചുവെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ വാർഡ്, വടകര മുനിസിപ്പാലിറ്റിയിലെ 19-ാം വാർഡ്, വടകര ബ്ലോക്ക് പഞ്ചായത്തിലെ ഒരു വാർഡ്, കീഴരിയൂർ പഞ്ചായത്ത് 12-ാം വാർഡ് എന്നിവ കാമരാജ് കോൺഗ്രസിന് വിട്ടുകൊടുക്കാൻ ധാരണയായി എന്നും നേതാക്കൾ വ്യക്തമാക്കി. ചർച്ചയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു, കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുൺകുമാർ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷിബു മൊകവൂർ എന്നിവർ പങ്കെടുത്തു.

കോഴിക്കോട് സിറ്റിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുൺകുമാർ, ഷിബു മൊകവൂർ, ഷാജി അമലത്ത് എന്നിവർക്കും കോഴിക്കോട് റൂറലിൽ സംസ്ഥാന സെക്രട്ടറിമാരായ ജയേഷ്, മനോജ് കരുമല, നിധിൻദാസ് എന്നിവർക്കും കോഴിക്കോട് നോർത്തിൽ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയാനന്ദന്‍, ഒ.ബി.സി സെൽ സംസ്ഥാന സെക്രട്ടറി വിനയൻ വട്ടോളി എന്നിവർക്കും ജില്ലാ കമ്മിറ്റി ചുമതല ഏൽപ്പിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, സംസ്ഥാന സെക്രട്ടറി ജയേഷ് നീലിയാലിൽ, ജില്ലാ പ്രസിഡന്റ് കാളക്കണ്ടി അരുൺകുമാർ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ഷിബു മൊകവൂർ, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയാനന്ദൻ എന്നിവർ പങ്കെടുത്തു.