കല്ലായിയിൽ ഒടുവിൽ കാളക്കണ്ടി ബെെജുവിന് നിയോഗം
കോഴിക്കോട്: കല്ലായിയിൽ മത്സരിക്കാൻ ഒടുവിൽ കാളക്കണ്ടി ബെെജുവിന് നിയോഗം. ബെെജുവിനെ മത്സരിപ്പിക്കണമെന്ന ആവശ്യം നേരത്തേ പ്രവർത്തകർ ഉന്നയിച്ചിരുന്നെങ്കിലും സർപ്രെെസ് സ്ഥാനാർത്ഥിയായി സംവിധായകൻ വി.എം.വിനുവിനെ അവതരിപ്പിക്കുകയായിരുന്നു. വിനുവിനെ സ്ഥാനാർത്ഥിയാക്കിയതിൽ അണികളിൽ എതിർപ്പുണ്ടായിരുന്നു. പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നില്ല എന്നായിരുന്നു ആക്ഷേപം. മൂന്നു തവണ കൗൺസിലറായ സുധാമണിയെ സ്ഥാനാർത്ഥിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. സുധാമണിയും ഈ ആവശ്യം ഉന്നയിച്ചതായാണ് വിവരം. എന്നാൽ മൂന്നു തവണ മത്സരിച്ചതിനാൽ വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മൂന്നു തവണ മത്സരിച്ച മറ്റു ചിലർക്ക് വീണ്ടും സീറ്റ് നൽകിയതും പ്രവർത്തകർ ചൂണ്ടിക്കാട്ടിയെങ്കിലും സുധാമണിക്ക് അവസരം കിട്ടിയില്ല. തുടർന്നാണ് വി.എം.വിനുവിനെ രംഗത്തിറക്കിയത്. വിനു രംഗത്തെത്തിയതോടെ എൽ.ഡി.എഫും സ്ഥാനാർത്ഥിയെ മാറ്റി. മുൻ മേയർ ഒ. രാജഗോപാലിന്റെ സഹോദരൻ ഒ.പ്രശാന്തിനെയാണ് സി.പി.ഐ. ആദ്യം സ്ഥാനാർത്ഥിയാക്കിയത്. വിനു മത്സരിക്കുന്ന സാഹചര്യത്തിൽ സാംസ്കാരിക രംഗത്തുള്ളയാളെ മത്സരിപ്പിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. തുടർന്ന് എഴുത്തുകാരൻ വിനീഷ് വിദ്യാധരനെ സ്ഥാനാർത്ഥിയാക്കി.
കല്ലായിയിൽ പ്രചാരണത്തിന് വിനു എത്തും
കോൺഗ്രസ് സ്ഥാനാർത്ഥി ബെെജു കാളക്കണ്ടിയുടെ പ്രചാരണത്തിന് വി.എം.വിനു എത്തും. തീയതി അറിയിച്ചാൽ താൻ വരാമെന്ന് ബെെജുവിനോട് വിനു സമ്മതിച്ചെന്നാണ് വിവരം. കോർപ്പറേഷനിലെ മറ്റ് വാർഡുകളിലും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയേക്കും. ഇക്കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നാണ് കഴിഞ്ഞ ദിവസം വിനു പറഞ്ഞത്.