കോൺഗ്രസിലെ പൊട്ടിത്തെറി: അച്ചടക്ക നടപടി തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയെത്തച്ചൊല്ലി കൈയ്യാങ്കളിയും കൂട്ടരാജിയും തുടരുന്നതിനിടെ സംയമനം പാലിച്ച് കോൺഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പിനു വേണ്ടി രൂപീകരിച്ച കോർ കമ്മിറ്റികളിൽ നിന്നു രാജി വയ്ക്കുന്ന നേതാക്കൾക്കെതിരെ പോലും ഇപ്പോൾ കർശന നടപടി വേണ്ടെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ആരുടെയും വായ് മൂടിക്കെട്ടിയിട്ടില്ലെന്നും വിശദമായി പരിശോധിച്ചശേഷം ആവശ്യമാണെങ്കിൽ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
കാസർകോട് ഡി.സി.സി ഓഫീസിൽ ഇന്നലെ പരസ്യമായി കൈയ്യാങ്കളി നടന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ജെയിംസും ഡി.കെ.ഡി.എഫ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിൽ നടന്ന കൈയ്യാങ്കളിയുടെ ദൃശ്യങ്ങൾ പുറത്തായതിന്റെ നാണക്കേടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. ഭൂരിഭാഗം ജില്ലകളിലും ഡി.സി.സികൾക്കെതിരെയാണ് പ്രവർത്തകരുടെ പരാതി. സജീവമായി രംഗത്തുള്ളവരെ ഒഴിവാക്കി ഇഷ്ടക്കാർക്കു സീറ്റു നൽകുകയാണെന്ന പരാതിയാണ് വ്യാപകം.
തലസ്ഥാന ജില്ലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി നായർ മണ്ഡലം കോർ കമ്മറ്റി അധ്യക്ഷസ്ഥാനവും ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് പാർട്ടി പദവികളും രാജി വച്ചു. കോർകമ്മിറ്റിയുമായി ആലോചിക്കാതെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതാണ് ഇരുവരുടെയും രാജിക്കു കാരണം. തെക്കൻ ജില്ലകളിൽ മുസ്ലീം ലീഗിന് അർഹമായ സീറ്റ് നൽകാത്തതിൽ പ്രതിഷേധമുണ്ടെന്ന് ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു.
ഇടുക്കിയിൽ മാരത്തോൺ ചർച്ചകൾ നടത്തിയിട്ടും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസിനായിട്ടില്ല. സ്ഥാനാർത്ഥി നിർണയം കെ.പി.സി.സിക്ക് കൈമാറിയിരിക്കുകയാണ് ഡി.സി.സി. തൃശൂരിൽ പ്രവർത്തകർ കൂട്ടത്തോടെ രാജി വച്ചു. കുരിയച്ചിറ ഡിവിഷനിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് സെക്രട്ടറി ഷോമി ഫ്രാൻസിസിന് പിന്തുണ പ്രഖ്യാപിച്ച് ബ്ലോക്ക് സെക്രട്ടറിമാരും യൂത്ത് കോൺഗ്രസ് നേതാക്കളും അടക്കം അൻപതോളം പേരാണ് രാജിവച്ചത്.