അനിൽ അംബാനിയുടെ 1,450 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

Friday 21 November 2025 12:45 AM IST

ഇതുവരെ ഏറ്റെടുത്തത് 9,000 കോടി രൂപയുടെ ആസ്‌തി

കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളുടെ അന്വേഷണത്തിന്റെ ഭാഗമായി അനിൽ ധിരുഭായ് അംബാനിയുടെയും റിലയൻസ് ഗ്രൂപ്പിന്റെയും 1,450 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) കണ്ടുകെട്ടി. ഇതോടെ കേസിന്റെ ഭാഗമായി ഏറ്റെടുത്ത മൊത്തം ആസ്‌തിയുടെ മൂല്യം 9,000 കോടി രൂപ കവിഞ്ഞു. കള്ളപ്പണ നിരോധന നിയമ പ്രകാരം നവി മുംബയ്, ചെന്നൈ, പൂനെ, ഭുവനേശ്വർ എന്നിവിടങ്ങളിലെ ആസ്തിയാണ് പിടിച്ചെടുത്തത്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നീ കമ്പനികളിലെ പണം നിയമവിരുദ്ധമായി വകമാറ്റിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ രണ്ട് കമ്പനികൾ പുറത്തിറക്കിയ ബോണ്ടുകളിലും മറ്റുമായി 2017 മുതൽ 2019 വരെയുള്ള കാലയളവിൽ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് നിക്ഷേപിച്ച അയ്യായിരം കോടി രൂപ അനധികൃതമായി വകമാറ്റിയതിലാണ് അന്വേഷണം. 2019 ഡിസംബറിൽ റിലയൻസ് ഹോം ഫിനാൻസിലെ 1,353.50 കോടി രൂപയുടെയും റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസിലെ 1,984 കോടി രൂപയുടെയും നിക്ഷേപങ്ങൾ കിട്ടാക്കടമായതോടെ യെസ് ബാങ്ക് കനത്ത പ്രതിസന്ധിയാണ് നേരിട്ടത്.

നവംബർ ആദ്യ വാരത്തിൽ അനിൽ അംബാനിയുടെ മുംബയിലെ വീടും വിവിധ സ്ഥലങ്ങളിലെ സ്ഥലങ്ങളും ഉൾപ്പെടെ 3,208 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയിരുന്നു. ഡെൽഹിയിലെ റിലയൻസ് സെന്ററും ഗാസിയബാദ്, നോയിഡ, മുംബയ്, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഓഫീസുകൾ, ഭവന പദ്ധതികൾ, സ്ഥലങ്ങൾ എന്നിവയാണ് ഇ.ഡി പിടിച്ചെടുത്തത്.

ഇതിനിടെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷനിലെ തിരിമറികളെ കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന പരാതിയിൽ സുപ്രീം കോടതി ബുധനാഴ്ച പുതിയ നോട്ടീസ് പുറപ്പെടുവിച്ചു.