കാസർകോട്ട് കോൺ. സീറ്ര് തർക്കം, ഡി.സി.സി ഓഫീസിൽ നേതാക്കളുടെ കൂട്ടയടി
കാസർകോട്: സീറ്റ് തർക്കത്തെ തുടർന്ന് കാസർകോട് ഡി.സി.സി ഓഫീസിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ചു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ സീറ്റ് തർക്കുമായി ബന്ധപ്പെട്ടായിരുന്നു കൈയാങ്കളി. നേതാക്കൾ തമ്മിൽ ചവിട്ടി. മുഖത്ത് കുത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും ദേശീയ കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വാസുദേവനും തമ്മിലുള്ള ഏറ്റുമുട്ടലാണ് കൂട്ടയടിക്ക് ഇടയാക്കിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് എം. ലിജു ഡി.സി.സി ഓഫീസിൽ ഉണ്ടായിരിക്കെയാണ് സംഭവം.
ജെയിംസ് പന്തമാക്കൻ നേരത്തെ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് ഡി.ഡി.എഫ് എന്ന സംഘടന രൂപീകരിച്ച് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ഭരണം പിടിച്ചിരുന്നു. കഴിഞ്ഞ വർഷം സംഘടന കോൺഗ്രസിൽ ലയിച്ചതോടെ തിരിച്ചെത്തിയ ഏഴു പേർക്ക് സീറ്റ് നൽകണമെന്ന് ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ചർച്ചകൾക്കൊടുവിൽ അഞ്ചു സീറ്റുകൾ നൽകാമെന്ന് ഏതാണ്ട് ധാരണയിലെത്തി.
ഇതുസംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ നേതൃത്വത്തിൽ ഒരു ഭാഗത്ത് ചർച്ച നടക്കുന്നതിനിടെയാണ് മറ്റൊരിടത്ത് നേതാക്കൾ തമ്മിലടിച്ചത്. ഈസ്റ്റ് എളേരിയിലെ ഒരു നേതാവിന്റെ മോശം വാക് പ്രയോഗമാണ് തമ്മിലടിയിലേക്ക് നീങ്ങിയതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എം.ലിജു അറിയിച്ചു.
ബ്ലോക്ക് സെക്രട്ടറിക്ക്
സസ്‌പെൻഷൻ
ഡി.സി.സി ഓഫീസിലുണ്ടായ നിസാര സംഭവങ്ങൾ വാർത്താ ചാനലുകൾക്ക് നൽകി പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കാസർകോട് ബ്ലോക്ക് സെക്രട്ടറി കെ.എം. സഫ്വാൻ കുന്നിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അറിയിച്ചു.