വിധി മാറിയിട്ടില്ല: പി.ഡി.ടി.ആചാരി

Friday 21 November 2025 1:46 AM IST

ന്യൂഡൽഹി: സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്നത് അഭിപ്രായം മാത്രമെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ദ്ധനുമായ പി.ഡി.ടി.ആചാരി കേരള കൗമുദിയോട് പറഞ്ഞു. വിധിയല്ല പുറത്തുവന്നത്. അതിനാൽ, ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവ‌ർണർക്കും മൂന്നു മാസം സമയപരിധി നിശ്ചയിച്ച രണ്ടംഗബെഞ്ചിന്റെ ഇക്കഴിഞ്ഞ ഏപ്രിലിലെ വിധി നിലനിൽക്കുകയാണ്. ഗവർണറും രാഷ്ട്രപതിയും ന്യായമായ സമയത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയുമെന്നാണ് വിശാലബെഞ്ച് പറയുന്നത്. 'ന്യായമായ സമയത്തിന്റെ' പരിധി വ്യാഖ്യാനം ചെയ്‌തില്ല. രണ്ടംഗ ബെഞ്ച് വരുത്തിയ വ്യക്തതയെ, അഞ്ചംഗ ബെഞ്ച് അവ്യക്തതയിലേക്ക് കൊണ്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.