പുതിയ ജില്ലകൾക്കായി വാദിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പുതിയ ജില്ലയെന്ന ആവശ്യം പ്രചരണായുധമാക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ.
താനൂർ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി തീരദേശ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗിന്റെ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനാണ് സജീവമായി രംഗത്തുണ്ട്. ജനസംഖ്യാനുപാതികമായി വികസനം സാധ്യമാകണമെങ്കിൽ ജില്ലാ വിഭജനം അനിവാര്യമാണെന്നാണ് മൊയ്തീന്റെ നിലപാട്.
മലപ്പുറം വിഭജിച്ച് തിരൂർ പുതിയ ജില്ലയാക്കണമെന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം. നെയ്യാറ്റിൻകരയും മൂവാറ്റുപുഴയും ജില്ലകളാക്കണമെന്ന ആവശ്യം നേരത്തെ തന്നെ സർക്കാരിനു മുന്നിലുണ്ട്.
മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ മുസ്ലിം ലീഗ് എം.എൽ.എ കെ.എൻ.എ ഖാദർ 2019 ൽ ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചിരുന്നു. 2015 ൽ മലപ്പുറം ജില്ലാ പഞ്ചായത്തും പ്രമേയം പാസാക്കിയിരുന്നു.
ജില്ലാ രൂപീകരണം സംസ്ഥാന സർക്കാരിന് തീരുമാനിക്കാവുന്നതാണെങ്കിലും മൗനത്തിലാണ്.
തിരൂർ
1969 ജൂൺ അഞ്ചിനാണ് മലപ്പുറം ജില്ല രൂപീകരിച്ചത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂർ താലൂക്കുകളും ചേർത്തായിരുന്നു ജില്ലാ രൂപീകരണം. ജില്ല നിലവിൽ വന്നപ്പോൾ പതിനാല് ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യയെങ്കിൽ ഇന്ന് അത് 45 ലക്ഷത്തിലേറെയാണ്. ഈ സാഹചര്യത്തിലാണ് വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തിന്റെ പ്രസക്തി.
നെയ്യാറ്റിൻകര
തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നതാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമായതോടെ ആവശ്യം ശക്തമാക്കി. എം.എൽ.എയും സി.പി.എം നേതാവുമായ കെ. ആൻസലൻ ഉൾപ്പെടെയുള്ളവരാണ് നെയ്യാറ്റിൻകര ജില്ലക്കു വേണ്ടി രംഗത്തുള്ളത്. അരലക്ഷം പേർ ഒപ്പിട്ട ഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുകയും ചെയ്തു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളുടെ ഭാഗങ്ങൾ ചേർത്തുകൊണ്ട് ജില്ലയെന്നതാണ് ആവശ്യം.
മൂവാറ്റുപുഴ
തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പിറവം, പാല എന്നിവയാണ് പുതിയ ജില്ലയുടെ ഭാഗമാകേണ്ട പ്രദേശങ്ങളെന്നാണ് അവകാശവാദം. മൂവാറ്റുപുഴ ജില്ല യാഥാർഥ്യമാക്കുമെന്ന് മുൻ മൂവാറ്റുപുഴ എം.എൽ.എ ജോസഫ് വാഴക്കൻ മുൻപ് അവകാശപ്പെട്ടിരുന്നു. കൊച്ചിക്ക് പുറത്ത് പുതിയ കാർഷികജില്ല രൂപവത്കരിക്കുകയാണ് ലക്ഷ്യം.