പത്രികാ സമർപ്പണം ഇന്നു കഴിയും; തീരാതെ തർക്കം, മുന്നണികളിൽ തിരക്കിട്ട അനുനയ ശ്രമം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പത്രികാ സമർപ്പണം ഇന്നു വൈകിട്ട് മൂന്നിന് സമാപിക്കുമ്പോഴും പല ജില്ലകളിലും മുന്നണികളിലെ സീറ്റ് തർക്കം തീർന്നിട്ടില്ല. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്ന 24ന് മുമ്പ് തർക്കങ്ങൾ പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. പല ജില്ലകളിലും തിരക്കിട്ട അനുനയ ചർച്ചകൾ പുരോഗമിക്കുന്നു.
തിരുവനന്തപുരം, കണ്ണൂർ, തൃശൂർ, മലപ്പുറം, കൊല്ലം ജില്ലകളിൽ തർക്കങ്ങൾ ഏറെക്കുറെ പരിഹരിച്ച് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏതാണ്ട് അന്തിമ രൂപമാക്കി. എന്നാൽ, മറ്റു ജില്ലകളിൽ മൂന്നു മുന്നണികൾക്കും ഉൾപ്പോര് തലവേദനയായി തുടരുന്നു. കൊല്ലത്തെ ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ സി.പി.എം- സി.പി.ഐ തർക്കവും പത്തനംതിട്ടയിൽ ബി.ജെ.പി -ബി.ഡി.ജെ.എസ് തർക്കവും സംസ്ഥാന നേതൃത്വങ്ങളുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
മുന്നണികളിൽ ഘടകകക്ഷികൾ തമ്മിൽ മത്സരിക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനുള്ള ജാഗ്രത നേതൃത്വങ്ങൾ പുലർത്തുന്നുണ്ട്. കാസർകോട്ട് കോൺഗ്രസിലെ തമ്മിൽപോര് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്നു. ഇന്നലെ ഡി.സി.സി ഓഫീസിൽ കൈയാങ്കളിയും നടന്നു. ആലപ്പുഴയിൽ ചില ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം- സി.പി.ഐ തർക്കത്തിൽ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ട് ചർച്ചകൾ നടത്തുന്നുണ്ട്.
ആഭ്യന്തരകലഹം,
വിമത ഭീഷണി
പാലക്കാട് നഗരസഭയിൽ ബി.ജെ.പിയിലെ ആഭ്യന്തര കലഹം എൻ.ഡി.എയ്ക്ക് തലവേദനയാണ്. 10ഓളം വാർഡുകളിൽ ബി.ജെ.പിക്ക് വിമത ഭീഷണിയുണ്ട്. പരിഹരിക്കാനുള്ള തീവ്രശ്രമം ജില്ലാ നേതൃത്വം നടത്തുന്നു
പാലക്കാട് കിഴക്കൻ മേഖലയിലും ചിറ്റൂർ ഭാഗത്തും സി.പി.എം-സി.പി.ഐ തർക്കം നിലനിൽക്കുന്നു
ആലപ്പുഴയിലും തിരുവനന്തപുരത്തും ചിലയിടങ്ങളിൽ ബി.ജെ.പി -ബി.ഡി.ജെ.എസ് തർക്കം രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തിലാണ്
സ്വന്തം നിലയ്ക്കും
സ്ഥാനാർത്ഥി
കോട്ടയത്ത് ചാണ്ടിഉമ്മൻ എം.എൽ.എയും കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം തുടരുന്നു. മൂന്ന് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ചില ബ്ളോക്ക് ഡിവിഷനുകളിലും ചാണ്ടിഉമ്മൻ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതാണ് കാരണം. അതിരമ്പുഴ മേഖലയിൽ കേരള കോൺഗ്രസും (ജോസഫ്) കോൺഗ്രസുമായും തർക്കമുണ്ട്. കേരള കോൺഗ്രസ് എമ്മും സി.പി.എമ്മും തമ്മിൽ നഗരസഭയിലെ ചില വാർഡുകളിലും ഗ്രാമപഞ്ചായത്ത് വാർഡുകളിലും നിലനിന്ന തർക്കം ഒരുവിധം പരിഹരിക്കപ്പെട്ടു.