പത്മകുമാറിന്റെ അറസ്റ്റ് സി.പി.എമ്മിന് പ്രഹരം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എ. പത്മകുമാർ അറസ്റ്റിലായത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്ന നിലയിലാണെങ്കിലും അദ്ദേഹം പാർട്ടി നേതാവായതിനാൽ സി.പി.എം കടുത്ത പ്രതിരോധത്തിൽ. പാർട്ടിയുടെ മുൻഎം.എൽ.എകൂടിയായതിനാൽ ഇപ്പോൾ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വരാൻപോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം സി.പി.എമ്മിനെ പ്രതിക്കൂട്ടിൽ കയറ്റും.
സ്വർണക്കൊള്ളയിലെ മുഖ്യ ആസൂത്രകനായിട്ടാണ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി ) വിലയിരുത്തുന്നത്. 54 വർഷത്തെ ഇടത് രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് എ. പത്മകുമാർ. 1983 ൽ സി.പി.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിക്കുന്നത് മുതൽ കമ്മിറ്റി അംഗമായിരുന്നു. 1991ൽ മുപ്പതാം വയസിൽ കോന്നിയിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ടയിൽ പിണറായി പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു. 2019 ലാണ് ദേവസ്വം ബോർഡ് പ്രസിഡന്റാകുന്നത്.
പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിക്കുന്നുണ്ടെങ്കിലും പത്മകുമാറിന്റെ രാഷ്ട്രീയ ജീവിതവും പാർട്ടി ബന്ധങ്ങളും മറച്ചുപിടിക്കാനാവില്ല. കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ് വിവാദ വിഷയങ്ങൾ അരങ്ങേറിയത്. അതും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
അറസ്റ്റ് ചെയ്തതു കൊണ്ടുമാത്രം കുറ്റക്കാരനാണെന്നു പറയാനാവില്ലെന്നും പത്മകുമാർ ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണെന്നും എം.വി ഗോവിന്ദൻ പറയുന്നു. പാർട്ടിയുടെ കൈകൾ ശുദ്ധമാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെടുന്നു. അന്വേഷണം ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനു നേരെയും ഉണ്ടാകുമോയെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്റേതു മാത്രമാണെന്നും മന്ത്രിക്ക് അതിൽ പങ്കില്ലെന്നുമാണ് കടകംപള്ളി സുരേന്ദ്രന്റെ വാദം.