എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്തു
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായിരുന്ന എൻ.വാസുവിനെ എസ്.ഐ.ടി വീണ്ടും ചോദ്യം ചെയ്തു. കൊല്ലം പൊലീസ് ക്യാമ്പിൽ വച്ചായിരുന്നു ചോദ്യംചെയ്യൽ. എസ്.ഐ.ടിയുടെ അപേക്ഷ പരിഗണിച്ച കൊല്ലം വിജിലൻസ് കോടതിയാണ് ഇന്നലെ വൈകിട്ട് നാലുവരെ വാസുവിനെ കസ്റ്റഡിയിൽ വിട്ടത്. പഴയ മൊഴികളിൽ കൂടുതൽ കൃത്യത വരുത്താനാണ് കസ്റ്റഡിയിൽ വാങ്ങിയതെന്നാണ് സൂചന. ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പങ്ക് എന്തെന്നതും അന്വേഷണസംഘം ചോദിച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയശേഷം വൈകിട്ട് നാലോടെ കോടതിയിൽ ഹാജരാക്കിയ വാസുവിനെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ തിരുവനന്തപുരം സെൻട്രൽ ജയിലിലേയ്ക്ക് അയച്ചു.
അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി.മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി 26ന് വിധി പറയാനായി മാറ്റി. ഏഴാം പ്രതിയും മുൻ തിരുവാഭരണ കമ്മിഷണറുമായ കെ.എസ്.ബൈജുവിന്റെ ജാമ്യാപേക്ഷയിൽ 24ന് വാദം കേൾക്കും. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വീണ സതീശനും എൻ.വാസുവിനു വേണ്ടി അഡ്വ. സി.എസ്.സുനിൽ മാങ്ങാടും മുരാരി ബാബുവിനു വേണ്ടി അഡ്വ. സജികുമാർ ചങ്ങനാശേരിയും ഹാജരായി.