പത്മകുമാർ പറഞ്ഞ ദൈവതുല്ല്യർ ആരാണ്?
പത്തനംതിട്ട: '' നമ്മൾ ദൈവ തുല്ല്യരായി കരുതുന്ന പലരും ഇതിലുണ്ടെങ്കിൽ എന്തുചെയ്യാൻ പറ്റും ' - ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ആരംഭിച്ച ഘട്ടത്തിൽ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞതാണിത്.
ഇന്നലെ അദ്ദേഹം അറസ്റ്റിലായതോടെ, ആ ദൈവതുല്ല്യർ ആരൊക്കെയെന്നതിലേക്ക് അന്വേഷണം പോകുമോയെന്ന് ആകാംക്ഷയേറി. മുഖം രക്ഷിക്കാനുള്ള തന്ത്രമായിരുന്നോ എന്ന സംശയവും നിലനിൽക്കുന്നു.
ദൈവതുല്ല്യർ എന്നു വിശേഷിപ്പിച്ചത് പാർട്ടിയിലെ ഉന്നതരെ അല്ലെങ്കിൽ ശബരിമല തന്ത്രിയെ ആകാം എന്നാണ് വ്യാഖ്യാനം. എല്ലാം പത്മകുമാറിന്റെ നെഞ്ചത്തോട്ട് ഇരിക്കട്ടെ എന്ന പ്രയോഗം പാർട്ടി നേതാക്കളെ ഉന്നംവച്ചാണെന്നും വ്യാഖ്യാനമുണ്ടായി.
പത്മകുമാർ ദൈവതുല്ല്യനായി കാണുന്നത് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളിയെയല്ലെന്നും മുഖ്യമന്ത്രിയെയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പാർട്ടിയുടെ കവചമുണ്ടെന്നും
അന്വേഷണം ഒരിക്കലും തന്നിലേക്ക് എത്തില്ലെന്നും പത്മകുമാർ വിശ്വസിച്ചിരുന്നു. പ്രത്യേക അന്വേഷണസംഘം രണ്ടുതവണ ചോദ്യംചെയ്യാൻ വിളിച്ചിരുന്നു. ആദ്യം ഒഴിഞ്ഞുമാറി. പിന്നീട് ബന്ധുവിന്റെ മരണം പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. ചൊവ്വാഴ്ച വൈകിട്ട് പത്മകുമാറിനെ അന്വേഷണ സംഘം ബന്ധപ്പെട്ടു. വീട്ടിൽ വന്ന് അറസ്റ്റുചെയ്യുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് ബോധ്യം വന്നതോടെ തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാവുകയായിരുന്നു.
പത്മകുമാറിന്റെ വീടിന്
പൊലീസ് കാവൽ
ഇന്നലെ രാവിലെ ഏഴുമണിയോടെ സ്വന്തം കാർ ഒഴിവാക്കി മറ്റൊരു കാറിലാണ് പത്മകുമാർ ആറൻമുളയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. അറസ്റ്റിനെ തുടർന്ന് വൈകിട്ട് ആറൻമുള ക്ഷേത്രത്തിന് സമീപമുള്ള വീടിന് പൊലീസ് കാവലേർപ്പെടുത്തി. പ്രതിഷേധ പ്രകടനങ്ങൾ തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു.