തിലകന്റെ മകനും ഭാര്യയും ബി.ജെ.പി സ്ഥാനാർത്ഥികൾ

Friday 21 November 2025 2:59 AM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടാം അങ്കത്തിന് ഇറങ്ങുകയാണ് നടൻ തിലകന്റെ മകനും സജീവ ബി.ജെ.പി പ്രവർത്തകനുമായ ഷിബു തിലകൻ. ഭാര്യ ലേഖയും ബി.ജെ.പിക്കായി ഇത്തവണ രംഗത്തുണ്ട്. ഷിബു തൃപ്പൂണിത്തുറ നഗരസഭ 20-ാം വാർഡിലും ലേഖ 19-ാം വാർഡിലുമാണ്.

കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം നടന്നപ്പോഴാണ് 1996മുതൽ ഷിബു തിലകൻ ബി.ജെ.പി രാഷ്ട്രീയത്തിനൊപ്പം ചേർന്നത്. കഴിഞ്ഞ തവണ ഷിബു മത്സരിച്ചെങ്കിലും വിജയിച്ചില്ല. തിലകന്റെ ആറ് മക്കളിൽ ഷിബു മാത്രമാണ് രാഷ്ട്രീയത്തിലുള്ളത്. അച്ഛന്റെ നിലപാടുകളോട് എന്നും ബഹുമാനവും ഇഷ്ടവുമുണ്ടെങ്കിലും രാഷ്ട്രീയത്തോട് അതില്ലെന്നും ഷിബു പറയുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജനങ്ങളെ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്ന ആശയമാണ് അതെന്നുമാണ് ഷിബുവിന്റെ പക്ഷം. തിരുവാങ്കുളം കേശവൻപടിയിലാണ് താമസം.

സിനിമയിലും വേഷമിട്ടു

അച്ഛന്റെയും സഹോദരങ്ങളുടെയും പാത പിന്തുടർന്ന് സിനിമയിലും ഷിബു മുഖം കാണിച്ചു. 25ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ അഭിനയിച്ചു. യക്ഷിയും ഞാനും, ഇവിടം സ്വർഗ്ഗമാണ്, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.