ഇത്തിരിക്കുഞ്ഞൻമാരുടെ ലോകകപ്പ്

Thursday 20 November 2025 11:22 PM IST

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി കുഞ്ഞൻ ദ്വീപുരാഷ്ട്രങ്ങളായ ക്യുറസാവോയും കേപ് വെർദേയും

സൂറിച്ച് : ലോകകപ്പിൽ കളിക്കുന്ന രാജ്യങ്ങളുടെ എണ്ണം 32ൽ നിന്ന് 48ലേക്ക് ഉയർത്തിയ ഫിഫയെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ഇത്തവണ രണ്ട് കുഞ്ഞൻ ദ്വീപുരാഷ്ട്രങ്ങൾ അമേരിക്കയിലും കാനഡയിലും മെക്സസിക്കോയിലുമായി നടക്കുന്ന 2026 ഫുട്ബാൾ ലോകകപ്പിന് ടിക്കറ്റെടുത്തത്. അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ദ്വീപായ കേപ് വെർദേ ആഫ്രിക്കൻ മേഖലയിൽ നിന്നും കരീബിയൻ ദ്വീപായ ക്യുറസാവോ മദ്ധ്യ അമേരിക്കൻ മേഖലയിൽ നിന്നുമാണ് യോഗ്യതാ റൗണ്ടിൽനിന്ന് മുന്നോട്ടെത്തിയത്. ഇരുരാജ്യങ്ങളുടേയും ആദ്യ ലോകകപ്പാണിത്.

ക്യുറസാവോ, ഒന്നര ലക്ഷം പേരുടെ രാജ്യം ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടം കുറിച്ച് കുഞ്ഞൻ കരീബിയൻ ദ്വീപ് രാഷ്‌ട്രമായ ക്യുറസാവോ. കോൺകകാഫ് മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ പോരാട്ടത്തിൽ ജമൈക്കയെ ഗോൾരഹിത സമനിലയിൽ പിടിച്ചതോടെയാണ് ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള ക്യുറസാവോയ്ക്ക് ടിക്കറ്റ് ഉറപ്പായത്. ഗ്രൂപ്പ് ബിയിൽ കളിച്ച ആറ് മത്സരങ്ങളിലും തോൽവി അറിയാതെ 12 പോയിന്റ് നേടി ക്യുറസാവോ ഒന്നാമൻമാരാതോടെയാണ് ലോകകപ്പിലേക്ക് ചരിത്ര വഴി തെളിഞ്ഞത്.

തെക്കൻ കരീബിയൻ ദ്വീപിൽ വെനസ്വേലയൻ തീരത്തിനടുത്ത് ഹോളണ്ടിന്റെ അധീനതിയിലുള്ള സ്വയം ഭരണാവകാശമുള്ള ദ്വീപ് രാഷ്‌ട്രമായ ക്യുറസാവോയുടെ ജനസംഖ്യ 1,56000 . 444 ചതുരശ്ര കിലോമീറ്ററാണ് വിസ്‌തീർണം.

2018-ൽ ലോകകപ്പിൽ കളിച്ച, അന്ന് മൂന്നരലക്ഷം മാത്രം ജനസംഖ്യയുണ്ടായിരുന്ന ഐസ്‌ലാൻഡിന്റെപേരിലായിരുന്നു ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കാഡ് ഇതുവരെ. ഈ റെക്കാഡാണ് ക്യുറസാവോ തങ്ങളുടെ പേരിലാക്കിയത്.

ക്യുറസാവോ ടീമിലെ എല്ലാവരും നെതർലൻഡിൽ ജനിച്ചവരാണ്. പ്രശസ്ത ഡച്ച് പരിശീലകൻ ഡിക് അഡ്വക്കാറ്റാണ് ടീമിന്റെ കോച്ച്. ഫിഫ ലോകകപ്പിൽ ടീമിനെയെത്തിച്ച ഏറ്റവും പ്രായമേറിയ കോച്ചെന്ന റെക്കാഡ് ക്യുറസാവോയുടെ ഡിക് അഡ്വക്കാറ്റ് സ്വന്തമാക്കി. 78 വയസാണ് അദ്ദേഹത്തിന്.

കേപ് വെർദേ : ഇന്ത്യയുടെ 815ൽ ഒന്ന്

യോഗ്യതാറൗണ്ട് ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരായാണ് കേപ് വെർദേ 2026ലെ ലോകകപ്പിൽ കളിക്കാനെത്തുന്നത്. കാമറൂൺ, ലിബിയ,അംഗോള,മൗറീഷ്യസ് എന്നിവരുമടങ്ങിയ ഗ്രൂപ്പിലെ 10 മത്സരങ്ങളിൽ ഏഴെണ്ണത്തിൽ ജയിക്കുകയും രണ്ട് സമനിലകൾ വഴങ്ങുകയും ചെയ്ത് 23 പോയിന്റുമായാണ് കേപ് വെർദേയുടെ കന്നി ലോകകപ്പ് പ്രവേശനം.

ഇന്ത്യയുടെ 815ൽ ഒന്നുമാത്രമാണ് കേപ് വെർദേയുടെ വലിപ്പം. 4033 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. കേരളത്തിന്റെ വിസ്തീർണ്ണം മാത്രം 38863 ചതുരശ്ര കിലോമീറ്റർ വരും. നമ്മുടെ ഇടുക്കി ജില്ലയേക്കാൾ വലിപ്പം കുറവ്. 4,436 ചതുരശ്ര കിലോമീറ്ററാണ് ഇടുക്കിയുടെ വിസ്തീർണം. അഞ്ചരലക്ഷത്തോളമാണ് ജനസംഖ്യ.

കാബോ വെർദേ എന്നും അറിയപ്പെടുന്നു. പടിഞ്ഞാറൻ ആഫ്രിക്കയിൽ മദ്ധ്യ അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ്. ജനവാസമില്ലായിരുന്ന ദ്വീപുകളെ 15-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തി കോളനിയാക്കി. 1975ലാണ് സ്വാതന്ത്ര്യം ലഭിച്ചത്.

2002 മുതൽ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികത്തിലാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 2013,2023 വർഷങ്ങളിൽ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയതാണ് ഫുട്ബാളിലെ ഇതിനുമുമ്പുള്ള വലിയ നേട്ടം.

70

ഫിഫ റാങ്കിംഗിൽ കേപ് വെർദേയുടെ സ്ഥാനം. 2014ൽ 28-ാം സ്ഥാനത്തുവരെയെത്തിയിരുന്നു.