'അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിക്കുന്ന സ്വര്‍ണം വീണ്ടെടുക്കുന്നത് തെറ്റായ രീതിയില്‍'; പൊലീസിന് അധികാരമുണ്ടോ?

Thursday 20 November 2025 11:49 PM IST

കൊച്ചി: വിമാനത്താവളങ്ങള്‍ വഴിയാണ് ഏറ്റവും അധികം സ്വര്‍ണക്കടത്ത് നടക്കുന്നത്. അനധികൃതമായി വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പിടികൂടുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിദേശത്ത് നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടാന്‍ പൊലീസിന് അധികാരമുണ്ടോ അങ്ങനെ ഒരു അധികാരം പൊലീസിന് ഇല്ലെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ അധീനതയിലുള്ള വിമാനത്താവള പരിസരത്ത് നിന്ന് സ്വര്‍ണം പിടികൂടുന്ന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് കസ്റ്റംസിന്റെ നിലപാട്.

കസ്റ്റംസ് മേഖലയില്‍ അനുമതിയോ വാറന്റോ സാക്ഷിയോ ഇല്ലാതെ പൊലീസ് നടത്തുന്ന പരിശോധന കസ്റ്റംസ് ആക്ട് പ്രകാരം ശിക്ഷാര്‍ഹമാണ്. ഇത് യാത്രക്കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയുമാണ്. പൊലീസ് പിടികൂടുന്ന കേസുകളില്‍ ഫലപ്രദമായ വിചാരണ നടക്കാത്തതിനാല്‍ പൊതുഖജനാവിന് നഷ്ടമുണ്ടാകുന്നതായും കോഴിക്കോട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശ്യാംനാഥ് സമര്‍പ്പിച്ച വിശദീകരണത്തില്‍ വ്യക്തമാക്കുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യാത്രക്കാരനില്‍നിന്ന് പൊലീസ് പിടിച്ചെടുത്ത 169.1 ഗ്രാം സ്വര്‍ണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി മഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെതിരെ വടകര സ്വദേശി പി.എം. മുഹമ്മദ് ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലാണ് വിശദീകരണം. പ്രതികള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിക്കുന്ന സ്വര്‍ണം വീണ്ടെടുക്കാന്‍ പൊലീസ് ഉപയോഗിക്കുന്ന മാര്‍ഗം അശാസ്ത്രീയമാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ശരീരത്തിന്റെ എക്‌സ്‌റേ എടുത്ത് മജിസ്‌ട്രേറ്റില്‍നിന്ന് ഡോക്ടര്‍ക്കുള്ള നിര്‍ദേശം കൈപ്പറ്റിയിട്ട് വേണം സ്വര്‍ണം പുറത്തെടുക്കാന്‍. ഇതൊന്നും പൊലീസ് ചെയ്യാറില്ല. മാത്രമല്ല, തൊണ്ടിമുതല്‍ ഉരുക്കിയും രൂപമാറ്റം വരുത്തിയും ഹാജരാക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും കസ്റ്റംസ് നിലപാട് അറിയിച്ചു. പൊലീസിന്റെ തെറ്റായ നടപടിക്രമങ്ങള്‍മൂലം കേസ് അന്വേഷണം ആറുമാസത്തിലധികം നീണ്ടാല്‍ തൊണ്ടി ഉടമക്ക് കൈമാറേണ്ടിവരുന്ന സാഹചര്യമുണ്ടാകുമെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.