ഉത്തരവ് തിരുത്തി; ഇനി പത്താം ക്ളാസ് പാസായാലും കെ.എസ്.ഇ.ബി ജോലി
തിരുവനന്തപുരം:കെ.എസ്.ഇ.ബി.യിൽ താഴ്ന്ന തസ്തികയായ വർക്കർ,മസ്ദൂർ തസ്തികകളിൽ പത്താം ക്ളാസ് പരീക്ഷ തോറ്റവരെ മാത്രം നിയമിക്കുമെന്ന അബദ്ധ നിബന്ധന കെ.എസ്.ഇ.ബി. പിൻവലിക്കുന്നു.ഇതോടെ പത്താം ക്ളാസ് പാസയവർക്ക് ജോലി നിഷേധിക്കുന്ന അവസ്ഥ ഒഴിവായി. പുതിയ നിയമനങ്ങളിലാണ് ഇത് നടപ്പാക്കുക.
നാലാം ക്ളാസ് പാസായിരിക്കണം.സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം,കാഴ്ച ശക്തിയുണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു വർക്കർ ആകാനുള്ള യോഗ്യത. 90കളിൽ ഇത് തിരുത്തി പത്താം ക്ളാസ് തോറ്റിരിക്കണം എന്ന വ്യവസ്ഥ ഉൾപ്പെടുത്തി.ഇതോടെ പത്താം ക്ളാസ് ജയിച്ചവർക്ക് അയോഗ്യതയായി. മുഖ്യമന്ത്രി പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരുന്ന കാലയളവിലാണ് ഈ വ്യവസ്ഥ കൊണ്ടുവന്നത്. ജോലിയില്ലാത്ത താഴ്ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സഹായിക്കാനായിരുന്നു ഇത്.
മിക്കവരും പത്താംക്ളാസ് ജയിക്കുന്ന സാഹചര്യം വന്നതോടെ,
വർക്കർ നിയമത്തിന് ആളെ കിട്ടാത്ത സ്ഥിതിയായി.
2003ലെ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിയിൽ വർക്കർ തസ്തികയെ ടെക്നിക്കൽ കേഡറായി മാറ്റിയതോടെ ദേശീയതലത്തിൽ ഇലക്ട്രിസിറ്റി വർക്കർ തസ്തികയ്ക്ക് പത്താം ക്ളാസും ഐ.ടി.ഐ.യും വേണമെന്നായി.കേരളത്തിൽ മാത്രം പത്താം ക്ളാസ് പാസാകുന്നത് അയോഗ്യതായി തുടർന്നു. ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെങ്കിലും കെ.എസ്.ഇ.ബി.സുപ്രീംകോടതിയിൽ പോയി.കേന്ദ്രനിയമം അനുകൂലമല്ലാത്തതിനാൽ വിധി എതിരായേക്കുമെന്ന് നിയമ ഉപദേശം ലഭിച്ചതോടെയാണ് യോഗ്യത ഉയർത്താൻ തീരുമാനിച്ചത്.
5000ത്തോളം ഒഴിവുകൾ
വർക്കർ തസ്തികയിൽ 5000ത്തോളം ഒഴിവുകളുണ്ടെന്നാണ് റിപ്പോർട്ട്. ഒരുസെക്ഷനിൽ ആറ് വർക്കർ തസ്തികയുണ്ട്. കെ.എസ്.ഇ.ബി.ക്ക് എണ്ണൂറോളം സെക്ഷനുകളുണ്ട്. പത്തുവർഷമായി നിയമനം നടത്തിയിട്ടില്ല. 2012 ഡിസംബറിലാണ് പി.എസ്.സി.അവസാനമായി വർക്കർ തസ്തികയിൽ ടെസ്റ്റ് നടത്തിയത്. വർക്കർ തസ്തികയിൽ പത്താം ക്ളാസ് പാസാകത്തവർക്ക് വ്യാപകമായി നിയമനം നൽകിയതോടെ കെ.എസ്.ഇ.ബി.യുടെ സേവനത്തിൽ ഗുണനിലവാരം ഇടിഞ്ഞതായും അപകടങ്ങൾ കൂടിയതായും റിപ്പോർട്ടുണ്ടായതും പുതിയ തീരുമാനത്തിന് പ്രേരിപ്പിച്ചു. വർക്കർ തസ്തികയിൽ ഒരുവർഷം തികഞ്ഞാൽ ലൈൻമാൻ 2 ആയി പ്രമോഷൻ കിട്ടും. പിന്നീട് രണ്ടുവർഷത്തിനകം ലൈൻമാൻ 1 ഗ്രേഡിലെത്തും. സർവീസ് കൂടുമ്പോൾ ഓവർസിയർ തസ്തികയിലെത്തും.ഇത് സൂപ്പർവൈസറി തസ്തികയാണ്. ആ പദവിയിൽ യോഗ്യതയില്ലാത്തവർ എത്തുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. പിന്നീട് പത്താംക്ളാസ് തുല്യതാപരീക്ഷ പാസായി പലരും സബ് എൻജിനിയർ,അസിസ്റ്റന്റ് എൻജിനിയർ തസ്തികവരെ എത്താറുണ്ട്.ഇത് വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.