വിദ്യാഭ്യാസ വകുപ്പിൽ വൻക്രമക്കേട്, ഉദ്യോഗസ്ഥരുടെ അക്കൗണ്ട് നിറയെ കൈക്കൂലി!
അദ്ധ്യാപക തസ്തിക നിലനിറുത്താൻ വ്യാജരേഖയുണ്ടാക്കി
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ നടന്ന വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് വൻക്രമക്കേട്. ഓപ്പറേഷൻ 'ബ്ലാക്ക് ബോർഡ്" എന്ന പേരിൽ 41ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും 7റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും 7അസി. ഡയറക്ടർ ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
എയ്ഡഡ് മേഖലയിലെ അദ്ധ്യാപക, അനദ്ധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ഗൂഗിൾ പേയിലൂടെ പണം കൈപ്പറ്റിയതായി കണ്ടെത്തി. കൈക്കൂലിക്കായി അനാവശ്യ കാലതാമസം വരുത്തി. എയ്ഡഡ് മേഖലയിൽ ഭിന്നശേഷി സംവരണം പാലിക്കാതെയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകിയതും എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക തസ്തിക നിലനിറുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും അൺഎയ്ഡഡ് സ്കൂളുകളിലെയും കുട്ടികൾ പ്രവേശനം നേടിയതായി വ്യാജരേഖയുണ്ടാക്കിയതും കണ്ടെത്തി.
തിരുവനന്തപുരത്തെ സ്കൂളിൽ ഭിന്നശേഷി സംവരണം പാലിക്കാതെ 11അദ്ധ്യാപകരെ നിയമിച്ചു. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിൽ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയർ ക്ലാർക്കിന്റെ ഗൂഗിൾ പേയിലേക്ക് 2ക്ലാർക്കുമാരുടെ അക്കൗണ്ടിൽ നിന്ന് 77,500 രൂപ ലഭിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥന്റെ ഗൂഗിൾ പേയിലെത്തിയത് 1.40ലക്ഷമാണ്. ഇതിന് വിശദീകരണം നൽകാൻ ഉദ്യോഗസ്ഥനായില്ല. മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ഉദ്യോഗസ്ഥൻ എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകനിൽ നിന്ന് 2,000 രൂപ ഗൂഗിൾപേയിൽ വാങ്ങി. സ്ഥലംമാറ്റ അപേക്ഷയിൽ നടപടിയെടുക്കാനുള്ള കൈക്കൂലിയായിരുന്നു ഇത്. സംശയാസ്പദമായ 20,500രൂപയുടെ ഇടപാടുമുണ്ട്. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപെടാത്ത 4,900 രൂപ പിടിച്ചെടുത്തു.
തളിപ്പറമ്പിലെ എയ്ഡഡ് സ്കൂളിൽ അദ്ധ്യാപക തസ്തിക നിലനിറുത്തുന്നതിന് സ്കൂളിൽ പഠിക്കാത്ത മൂന്ന് കുട്ടികളുടെ വ്യാജപ്രവേശന രേഖയുണ്ടാക്കി. ഇതിലൊരുകുട്ടി കേന്ദ്രീയവിദ്യാലയത്തിൽ പഠിക്കുകയാണ്. തലശേരിയിലെ എയ്ഡഡ് സ്കൂളിൽ അദ്ധ്യാപക തസ്തിക നിലനിറുത്തുന്നതിന് ഒരു ക്ലാസിൽ 28 കുട്ടികൾ പഠിക്കുന്നതായി വ്യാജരേഖയുണ്ടാക്കി. ക്ലാസിൽ 9കുട്ടികൾ മാത്രമേയുള്ളൂവെന്ന് വിജിലൻസ് കണ്ടെത്തി.
ഇടനിലക്കാരായി വിരമിച്ചവർ
ഫയലുകളിലെ ന്യൂനതകൾ പരിഹരിക്കുന്നതിനെന്ന പേരിൽ വിരമിച്ച ഉദ്യോഗസ്ഥർ സർവീസ് കൺസൾട്ടന്റുമാരായി പ്രവർത്തിക്കും. ഇവരാണ് ഇടനിലക്കാരായി അദ്ധ്യാപകരിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങുന്നത്. ഇത് വിദ്യാഭ്യാസ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്ക് വീതം വച്ച് നൽകുന്നെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.
വിദ്യാഭ്യാസ ഓഫീസുകളിൽ കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്നത് അതീവഗൗരവമുള്ളതാണ്. തുടർപരിശോധനകളുണ്ടാവും. സംശയമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടും പരിശോധിക്കും.
-മനോജ് എബ്രഹാം,
വിജിലൻസ് മേധാവി