വീൽച്ചെയറിൽ പിറന്ന ഷാനിന്റെ തിരക്കഥ, വിധിയിൽ തളരാത്ത സിനിമാ സ്വപ്നം
തിരുവനന്തപുരം: വാഹനാപകടത്തിൽ നട്ടെല്ല് തകർന്ന് എഴുന്നേൽക്കാനാവാതെ ഷാനിന് വീടിനുള്ളിൽ ഒതുങ്ങേണ്ടിവന്നത് പത്തുവർഷം. പിന്നീട് വീൽച്ചെയറിലായി ജീവിതം. കൂട്ടായത് വായന. കണ്ടുതീർത്തത് നിരവധി സിനിമകൾ. വിധി തകർത്ത ജീവിതത്തിൽ പൊള്ളുന്ന അനുഭവങ്ങൾ എഴുത്തിന്റെ രൂപത്തിലേക്ക് മാറിയപ്പോൾ അതൊരു തിരക്കഥയായി പിറന്നു. ഇനി അത് സിനിമയായി കാണണമെന്നാണ് മോഹം. അതിനായി സംവിധായകനേയും നിർമ്മാതാക്കളേയും തേടുകയാണ് ഈ 26കാരൻ.
ആർട്ട് ഒഫ് സ്ലോ ലിംവിഗ്. അതാണ് ഷാന്റെ തിരക്കഥയുടെ ഇതിവൃത്തം. അതെന്താണെന്ന് പക്ഷേ, തത്കാലം പരസ്യപ്പെടുത്താനില്ല. അനുയോജ്യരായ സംവിധായകരെത്തിയാൽ അവരോട് കഥ പറയും. 2013ൽ, സഹോദരൻ ഷംനാദിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ നായ കുറുകേ ചാടിയുണ്ടായ അപകടമാണ് ചെമ്പഴന്തി സക്കീർ മൻസിലിൽ ഷാന്റെ ജീവിതം മാറ്രിമറിച്ചത്. ദീർഘകാലത്തെ ആശുപത്രി വാസം. തുടർന്ന് വീടിനുള്ളിൽ ഒതുങ്ങേണ്ടി വന്ന ജീവിതം.
കാൻവാക്ക് സൊസൈറ്റി സ്ഥാപകനും കുടപ്പനക്കുന്ന് സ്വദേശിയുമായ ഗോകുലിനെ കണ്ടുമുട്ടിയതോടെ പുറംലോകത്തേക്ക് വാതായനം തുറന്നു. കൃത്യമായ ചികിത്സകളിലൂടെ ഇപ്പോൾ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാൻ പ്രാപ്തനായി. വീൽചെയറിൽ യാത്രകളും എളുപ്പമായി. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ ഇപ്പോൾ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദത്തിന് പഠിക്കുന്നു. ഒപ്പം ടെലി കോളറായും കണ്ടന്റ് റൈറ്ററായും ജോലി ചെയ്യുന്നു.
അടുത്തിടെ ഉമ്മ ജുമൈലയുടെ വിയോഗം തളർത്തിയെങ്കിലും അമ്മൂമ്മ പാത്തുമ്മ ബീവിയും സഹോദരൻ ഷംനാദും കൂട്ടായി എപ്പോഴുമുള്ളതാണ് കരുത്ത്.
സിബി മലയിലിന്റെ അനുഗ്രഹം
രാവിലെ ഫിസിയോ തെറാപ്പിക്കു ശേഷം ഷാൻ മാനവീയം വീഥിയിൽ കൂട്ടുകാരോടൊപ്പമെത്തും. സിനിമാക്കാര്യങ്ങളിലടക്കം ചർച്ച. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുത്തതാണ് ഏറ്റവും ആഹ്ലാദമുണ്ടാക്കിയ നാളുകൾ. അന്ന് സംവിധായകൻ സിബി മലയിലിനെ കണ്ടതും അദ്ദേഹം അനുഗ്രഹിച്ചതുമാണ് മറക്കാനാവാത്ത അനുഭവം.