വിപുലമായ സേവനമൊരുക്കി സന്നിധാനം ആശുപത്രി
ശബരിമല : സന്നിധാനത്ത് ദർശനത്തിനായി എത്തുന്ന തീർത്ഥാടകർക്ക് വിപുലമായ സേവനമൊരുക്കി ആരോഗ്യവകുപ്പ്. ശബരിമലയിൽ വലിയ നടപ്പന്തൽ ആരംഭിക്കുന്നതിന് വലതുവശത്തായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പിന്റെ ആശുപത്രിയിൽ ഭക്തർക്ക് ആധുനിക നിലവാരത്തിലുള്ള ചികിത്സ സൗകര്യം ലഭ്യമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒ പി സേവനം എന്നിവയോടൊപ്പം ലാബ്, എക്‌സ് റേ, ഇ സി ജി, ഓപ്പറേഷൻ തിയേറ്റർ, അഞ്ച് കിടക്കകളുള്ള ഐ സി യു വാർഡ്, 18 കിടക്കകളുള്ള വാർഡ് എന്നിവയും സജ്ജമാണ്. സാധാരണ മരുന്നുകൾ കൂടാതെ ഹൃദയാഘാതത്തിനുളള മരുന്ന്, പേവിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിൻ, ആന്റി സ്‌നേക്ക് വെനം എന്നിവയും കരുതിയിട്ടുണ്ട്. റെഫറൽ ആശുപത്രികളായി കോന്നി, കോട്ടയം മെഡിക്കൽ കോളജുകളും സജ്ജമാണ്.
കാർഡിയോളജിസ്റ്റ്, ഫിസിഷൻ, ഓർത്തോപീഡിഷൻ, ജനറൽ സർജൻ, അനസ്‌തേഷ്യോളജിസ്റ്റ്, അസിസ്റ്റന്റ് സർജൻ എന്നീ വിദഗ്ധ ഡോക്ടർമാരുടെയുൾപ്പടെ സേവനം ലഭ്യമാണ്. അടിയന്തരഘട്ട ഉപയോഗത്തിനായി ആംബുലൻസുമുണ്ട്. സന്നിധാനത്തോടൊപ്പം പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിൽ ആശുപത്രിയും നീലിമല, അപ്പാച്ചിമേട് എന്നിവടങ്ങളിൽ കാർഡിയോളജി സെന്ററുകളും ചരൽമേട്, കരിമല ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നു. പമ്പ മുതൽ സന്നിധാനം വരെ 17 ഉം എരുമേലി കരിമല കാനനപാതയിൽ അഞ്ചും അടിയന്തരഘട്ട വൈദ്യസഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പമ്പ മുതൽ സന്നിധാനം വരെ
അത്യാഹിതമുണ്ടായാൽ വിളിക്കുക. ഫോൺ : 04735 203232 .
പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകും. ആംബുലൻസ് ഉൾപ്പടെയുള്ള സേവനം ലഭ്യമാകും. കൺട്രോൾ റൂമിൽ നിന്ന് നേരിട്ടല്ലാതെ ആംബുലൻസ് വിളിക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നതിനാൽ ഒഴിവാക്കണം.