കോന്നിയിലെ മോഡി സി.പി.എമ്മിലാണ്
കോന്നി : കോന്നിക്കാർക്ക് മോഡി എന്ന് കേട്ടാൽ പെട്ടന്ന് ഒാർമ്മ വരുക പ്രധാനമന്ത്രിയേയല്ല. കറുത്ത കട്ടതാടിയുമായി മുണ്ടുടുത്ത് ഏറെ വിനയത്തോടെ എത്തുന്ന യുവാവാണ് അവരുടെ മോഡി. കോന്നി ബ്ലോക്ക് പഞ്ചായത്ത് കോന്നി താഴം ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജിജോ മോഡി പേരുകൊണ്ട് ശ്രദ്ധനേടിയ വ്യക്തിത്വമാണ്. കോൺഗ്രസ് അനുഭാവിയായ പിതാവ് ജോർജ് മോഡിയാണ് വീട്ടുപേരായ മോഡിയിൽ നിന്ന് മകന് ജിജോ മോഡി എന്ന് പേരു നൽകുന്നത്. ജില്ല പഞ്ചായത്തിലെ കോൺഗ്രസിന്റെ കുത്തക ഡിവിഷനായ മലയാലപ്പുഴ കഴിഞ്ഞ തവണ പിടിച്ചെടുത്ത് ജിജോ മോഡി പാർലമെന്ററി രംഗത്ത് ശ്രദ്ധേയനായി. ഒരിക്കൽ സെക്രട്ടേറിയറ്റിൽ ചെന്നപ്പോൾ പേര് വായിച്ച് ഉദ്യോഗസ്ഥ ജിജോയോട് ചോദിച്ചു. ‘പി.എമ്മിന്റെ ആളാണ് അല്ലേ? മറുപടി പറയാൻ ജിജോക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ‘അല്ല, സി.എമ്മിന്റെ ആളാണ്’. ‘മോഡി’ കൂട്ടിയുള്ള പേരുകൊണ്ട് ഗുണം മാത്രം ഉണ്ടായിട്ടുള്ള ജിജോ ഈ പേര് കൈവിടാൻ തയ്യാറാല്ല. തന്റെ രണ്ട് മക്കളുടെ പേരിലും മോഡിയുണ്ട്. മക്കളായ 11 വയസുകാരി സൈനിക മോഡിയും 6 വയസുകാരി നൈനിക മോഡിയും.
മലയാളത്തിൽ 'മോഡി' എന്ന വാക്കിന്റെ അർത്ഥം മനോഹരം എന്നാണ്. കുടുംബപ്പേരും താടിയും ഒഴികെ, ജിജോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒരു ബന്ധവുമില്ല. മലയാലപ്പുഴ പഞ്ചായത്ത് അംഗങ്ങളോടൊപ്പം ജിജോ ഒരിക്കൽ പഠനയാത്രയ്ക്കായി സിക്കിം സന്ദർശിച്ചിരുന്നു. അവിടെ ഒരു ജില്ലാ പഞ്ചായത്ത് ഓഫീസിൽ എത്തി പേര് പറഞ്ഞപ്പോൾ അവിടത്തെ അംഗങ്ങളും മോദിജി എന്ന് വിളിക്കാൻ തുടങ്ങി. പേര് പ്രധാനമന്ത്രിയുമായി സാമ്യമുള്ളതാണെങ്കിലും തന്റെ രാഷ്ട്രീയം വ്യത്യസ്തമാണെന്ന് ജിജോ മോഡി പറയുന്നു. അച്ഛൻ കോൺഗ്രസ് പ്രവർത്തകനായിരുന്നുവെങ്കിലും ജിജോ കട്ട കമ്മ്യൂണിസ്റ്റാണ്. എസ്.എഫ്.ഐയിലൂടെയും ഡി.വൈ.എഫ്.ഐയിലൂടെയുമാണ് പൊതുരംഗത്ത് സജീവമായത്.