20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സുരേഷ് ചന്ദ്രൻ കന്നി അങ്കത്തിന്
കുന്നത്തൂർ: ഓരോ അഞ്ച് വർഷം കൂടുമ്പോഴും യു.ഡി.എഫ്. പരിഗണിക്കുന്ന ജനകീയ മുഖമുള്ള സ്ഥാനാർത്ഥിയായി സുരേഷ് ചന്ദ്രന്റെ പേര് വരുമ്പോഴും കാത്തിരിക്കാനായിരുന്നു വിധി. അങ്ങനെ കടന്നുപോയത് നാലുതവണ, അതായത് 20 വർഷക്കാലം. ഒടുവിൽ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് മുൻ കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റുകൂടിയായ സുരേഷ് ചന്ദ്രൻ കന്നി അങ്കത്തിന് കളത്തിൽ ഇറങ്ങിയിരിക്കയാണ്. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് കാരാളിമുക്ക് ടൗണിൽ നിന്നുമാണ് ഇദ്ദേഹം ജനവിധി തേടുന്നത്. സ്ഥിരതാമസം മൈനാഗപ്പള്ളി പഞ്ചായത്തിലായിരുന്ന സുരേഷ് ചന്ദ്രൻ ആദ്യമായി നോമിനേഷൻ നൽകുന്നത് 2005-ലാണ്. എന്നാൽ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അവസാന നിമിഷം പിൻവലിച്ചു.
പിൻവലിച്ചു. 2010ൽ എല്ലാവരും ഒറ്റക്കെട്ടായി പേര് നിർദ്ദേശിച്ചെങ്കിലും വാർഡ് വനിതാ സംവരണമായതോടെ പിന്മാറേണ്ടി വന്നു. പിന്നീട് സ്ഥിരതാമസം മൈനാഗപ്പള്ളിയോട് തൊട്ടുചേർന്ന പടിഞ്ഞാറെ കല്ലടയിലേക്ക് മാറി. 2015ൽ കാരാളിമുക്ക് വാർഡിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടെങ്കിലും, അവസാന നിമിഷം നറുക്കെടുപ്പിൽ വാർഡ് പട്ടികജാതി സംവരണം ആയതിനാൽ കാത്തിരിക്കേണ്ടി വന്നു. 2020ൽ വീണ്ടും മത്സരിക്കാൻ ഇറങ്ങിയപ്പോൾ വാർഡ് വനിതാ സംവരണമായി മാറിയതോടെ പ്രതീക്ഷ മങ്ങി. പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമായാണ് വാർഡ് വനിതാ സംവരണമാക്കിയതെന്ന് ആരോപിച്ച് സുരേഷ് ചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചെങ്കിലും സമയം അതിക്രമിച്ചിരുന്നതിനാൽ അനുകൂല വിധി നേടാനായില്ല. ഒടുവിൽ 2025-ൽ പാർട്ടി ഐക്യകണ്ഠേനയാണ് കാരാളി ടൗൺ വാർഡിലേക്ക് പേര് നിർദ്ദേശിച്ചത്. 2010-ൽ യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റായി നേതൃപദവിയിലേക്ക് എത്തിയ സുരേഷ് ചന്ദ്രൻ 2018 വരെ ആ സ്ഥാനത്ത് തുടർന്നു. ഇക്കാലയളവിലും തുടർന്നും ജനകീയ സമരങ്ങളിലൂടെ ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന നേതാവായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു