പത്മകുമാറിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പിൽ ആളിക്കത്തും
പത്തനംതിട്ട: സ്വർണക്കൊള്ള കേസിൽ സി.പി.എമ്മിന്റെ മുതർന്ന നേതാവായ എ.പത്മകുമാറിന്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്ന് നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിനും ബി.ജെ.പിക്കും വലിയ ആയുധമായി. പത്തനംതിട്ട ജില്ലയിൽ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി സ്വർണക്കൊള്ള ഇതിനകം ഉയർന്നു കഴിഞ്ഞു. പത്മകുമാറിന്റെ അറസ്റ്റ് കൂടിയായതോടെ സി.പി.എം കടുത്ത പ്രതിരോധത്തിലുമായി.
പത്മകുമാറിന്റെ വീട് ആറൻമുള നിയോജകമണ്ഡലത്തിലാണ്. ശബരിമല റാന്നി മണ്ഡലത്തിലും. രണ്ടിടത്തും ഉൾപ്പെടെ ജില്ലയിലെ മുഴുവൻ എം.എൽ.എമാരും എൽ.ഡി.എഫുകാരാണ്. ജില്ലാ പഞ്ചായത്തും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. ജില്ലയിലെ നാല് നഗരസഭകളിൽ രണ്ടിലും എൽ.ഡി.എഫ് ഭരണമാണ്.
യു.ഡി.എഫിന്റെ കോട്ടയായിരുന്ന പത്തനംതിട്ട ജില്ല കഴിഞ്ഞ പത്ത് വർഷമായിട്ടാണ് പൂർണമായും എൽ.ഡി.എഫിനൊപ്പം ചേർന്നത്. കൈവിട്ടു പോയ ജില്ലയെ തിരിച്ചുപിടിക്കാൻ വീണുകിട്ടിയ സുവർണാവസരമായിട്ടാണ് സ്വർണക്കൊള്ളയെ യു.ഡി.എഫ് കാണുന്നത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സ്വർണക്കൊള്ള വിഷയത്തിൽ വീടുകൾ കയറിയുള്ള പ്രചരണം ആരംഭിച്ചു കഴിഞ്ഞു.
പത്രികാ സമർപ്പണം ഇന്നു പൂർത്തിയാകുന്നതോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറും. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ശബരിമല വീണ്ടും പ്രധാന പ്രചരണ വിഷയമാവുകയാണ്.