വോട്ട് വേണേൽ പാട്ട് പാടണം
കൊല്ലം: 'വോട്ടുതരാം, പക്ഷെ പാട്ടുവേണം!", കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ അടുതല രണ്ടാം വാർഡ് സ്ഥാനാർത്ഥിയായ ആശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോൾ വോട്ടർമാരുടെ അഭിപ്രായമാണിത്. ആദ്യഘട്ട പ്രചരണത്തിൽ തന്നെ ആശയ്ക്ക് പാടേണ്ടിവന്നത് നൂറിലധികം പാട്ടുകൾ!.
അഞ്ച് വർഷം മുമ്പ് പാട്ടുപാടി ഇഷ്ടം കൂടിയ ആശ ഇത്തിക്കര ബ്ളോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്നു. ബ്ളോക്ക് മെമ്പറായിരുന്നപ്പോഴും തൊഴിലുറപ്പ് തൊഴിലാളികളുടെ അടുത്തും ചായക്കടയിലുമെക്കെ എത്തിയാൽ നാട്ടുകാർ ആശ മെമ്പറെക്കൊണ്ട് പാട്ട് പാടിപ്പിച്ചിരുന്നു.
അടുതല അനീഷ് വിലാസത്തിൽ പൊതുപ്രവർത്തകനും ഇൻഷ്വറൻസ് ഏജന്റുമായ അജിത്ത് ലാലിന്റെ ഭാര്യയായ ആശ നർത്തകിയുമാണ്. സുവോളജിയിൽ ബിരുദവും നാച്വറൽ സയൻസിൽ ബി.എഡും പാസായശേഷമാണ് ജനസേവനത്തിനിറങ്ങിയത്. മഹിളാ കോൺഗ്രസ് നേതാവുമാണ്. നെടുമ്പന യു.പി സ്കൂളിൽ ഗസ്റ്റ് അദ്ധ്യാപികയായിരുന്നപ്പോൾ ആശടീച്ചറെന്ന് നാട്ടുകാരും ഇപ്പോൾ വോട്ടർമാരും വിളിച്ച് ശീലിച്ചു.