ജില്ലയെ കീഴ്പ്പെടുത്തി വീണ്ടും വൈറൽ പനി
കൊല്ലം: ചെറിയ ചൂട്, തുമ്മൽ, പിന്നെ കിടുങ്ങലും ക്ഷീണവും. ചൂട് വിട്ടുമാറിയാലും ചുമയും കഫക്കെട്ടും മാറാൻ പിന്നെയും ആഴ്ചകളെടുക്കും. തുലാമഴയ്ക്ക് പിന്നാലെ കടന്നെത്തിയ വൈറൽ പനിയാണ് ജില്ലയെ കിടക്കയിൽ അനങ്ങാൻ കഴിയാത്ത വിധം കീഴ്പ്പെടുത്തുന്നത്.
പകൽ സമയത്തെ ചൂടും വൈകുന്നേരത്തെ മഴയുമാണ് വില്ലനാകുന്നത്. രണ്ടാഴ്ചക്കിടെ 120 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 18 വരെ 7372 പേർ പനി ലക്ഷണങ്ങളുമായി ചികിത്സതേടി. ഓരോ ആഴ്ച പിന്നിടുമ്പോഴും പനിബാധിതരുടെ എണ്ണം കൂടുകയാണ്. പനിബാധിതർ കൃത്യസമയത്ത് ചികിത്സ തേടുന്നില്ല. മാസ്ക് ധരിക്കാത്തതും പനി പടരാൻ കാരണമാണ്.
പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്വയംചികിത്സ പാടില്ല. ഇത് സ്ഥിതി ഗുരുതരമാക്കും.
പനി മാറിയാലും വിശ്രമം വേണം
രോഗം ബാധിച്ചവരും പനി മാറിയവരും പൂർണമായും വിശ്രമിക്കണം ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ കഴിക്കുക
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം
കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്
ഡോക്ടറുടെ നിർദ്ദേശത്തോടെയേ മരുന്നുകൾ കഴിക്കാവൂ
ലക്ഷണങ്ങൾ അവഗണിക്കരുത്
പനി തലവേദന തുമ്മൽ ശക്തമായ പേശിവേദന സന്ധി വേദന ഛർദ്ദി വയറുവേദന കറുത്ത മലം ശ്വാസംമുട്ട് രക്തസമ്മർദ്ദം കുറയുക രക്തസ്രാവം
കഴിഞ്ഞ ഒരാഴ്ചയായി പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ട്. പനിബാധിതർ നിർബന്ധമായും ആശുപത്രിയിൽ ചികിത്സ തേടണം.
ആരോഗ്യവകുപ്പ് അധികൃതർ