കൊല്ലത്ത് വൻതീപിടിത്തം: മൂന്ന് വീടുകൾ കത്തിനശിച്ചു

Friday 21 November 2025 12:30 AM IST

കൊല്ലം: വൻ തീപിടിത്തത്തിൽ കൊല്ലം ആൽത്തറമൂട് കൈക്കുളങ്ങരയിൽ മൂന്ന് വീടുകൾ കത്തിനശിച്ചു. വടക്കേത്തൊടിയിലെ കോളനിയിൽ ഇന്നലെ രാത്രി 7.55 ഓടെയായിരുന്നു സംഭവം. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വീടുകൾ ഭാഗികമായി നശിച്ചു. മുരുകൻ, അനി, കൃഷ്ണകുട്ടി എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായത്. എല്ലാവരും ഓടി രക്ഷപ്പെട്ടതിനാൽ ആളപായമുണ്ടായില്ല. കൈക്കുളങ്ങര കുളത്തിന്റെ കരയിലുള്ള മുരുകന്റെ വീട്ടിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ സമീപ വീടുകളിലേക്ക് പടരുകയായിരുന്നു. തടിപ്പലക ഭിത്തികളും തകരഷീറ്റ് മേൽക്കൂരകളുമുള്ള വീടുകളാണ് കത്തിയത്. പത്തോളം ഫയർഫോഴ്സ് യൂണിറ്റുകളെത്തി 9.15 ഓടെ തീ നിയന്ത്രണവിധേയമാക്കി.