കമ്മിഷണറുടെ ധൂർത്ത്: കൊച്ചിൻ ദേവസ്വത്തിൽ വിജി.പരിശോധന

Friday 21 November 2025 12:34 AM IST

കൊച്ചി: കൊച്ചിൻ ദേവസ്വം കമ്മിഷണർ എസ്.ആർ. ഉദയകുമാർ ക്വാർട്ടേഴ്സ് മോടി പിടിപ്പിക്കാനും പുതിയ കാർ വാങ്ങാനുമായി 43 ലക്ഷം രൂപ ധൂർത്തടി​ച്ചതു സംബന്ധി​ച്ച് പൊലീസ് വി​ജി​ലൻസ് സംഘം ഇന്നലെ ബോർഡ് ആസ്ഥാനത്ത് പരി​ശോധന നടത്തി​. ഫയലുകളുടെ പകർപ്പുകളെടുത്തു. ഫെബ്രുവരി​ 20ന് കേരളകൗമുദി​യാണ് ധൂർത്ത് പുറത്തുകൊണ്ടുവന്നത്. പിന്നാലെ നി​രവധി​ പരാതി​കൾ ദേവസ്വം മന്ത്രി​ക്കും വി​ജി​ലൻസി​നും ലഭി​ച്ചി​രുന്നു.

ആറംഗ സംഘം ഇന്നലെ രാവി​ലെ 10.30നാണ് എത്തി​യത്. ഉച്ചയ്‌ക്ക് 2 വരെ രേഖകൾ പരി​ശോധി​ച്ചു. ദേവസ്വം കമ്മി​ഷണറി​ൽ നി​ന്നും ദേവസ്വം സെക്രട്ടറി​യി​ൽ നി​ന്നും സെക്ഷൻ ക്ളാർക്കുമാരി​ൽ നി​ന്നും വി​വരങ്ങൾ തേടി​. ക്വാർട്ടേഴ്സി​ലേക്ക് എ.സിയും ടി.വിയും കട്ടിലും സ്റ്റൗവും അടുക്കളപ്പാത്രങ്ങളും ഹീറ്ററും ദേവസ്വം ചെലവിലാണ് വാങ്ങിയത്. ഇവയ്ക്കെല്ലാം കൂടി​ ആറ് ലക്ഷത്തോളം രൂപ ചെലവായി​. സ്വയം ഫയലെഴുതി​ പർച്ചേസ് ശുപാർശ നൽകുകയായി​രുന്നു. ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണി​യുടെ ചെലവ് താമസക്കാർ വഹിക്കണമെന്നാണ് ദേവസ്വം ചട്ടം.

മുൻ കമ്മിഷണർക്ക് വേണ്ടി വാങ്ങിയ നാലു വർഷം മാത്രം പഴക്കമുള്ള ഫോർഡ് എസ്കോർട്ട് കാറിനു പകരം 17 ലക്ഷത്തിന്റെ മാരുതി എസ് ക്രോസാണ് വാങ്ങിയത്. തൃശൂരിലെ ക്വാർട്ടേഴ്സ് അറ്റകുറ്റപ്പണിക്ക് 26 ലക്ഷം ചെലവായി.​ കമ്മിഷണറുടെ ആർഭാടത്തെക്കുറിച്ച് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ടതിന് എറണാകുളം ശിവക്ഷേത്രത്തിലെ കൗണ്ടർ അസിസ്റ്റന്റ് എസ്. അഭിലാഷ് സസ്‌പെൻഷനിലായിരുന്നു.