രേഖാ ഗുപ്‌ത ആക്രമിക്കപ്പെട്ട കേസിൽ വിചിത്ര കുറ്റപത്രം
ന്യൂഡൽഹി:സ്വപ്‌നത്തിൽ ശിവലിംഗത്തിനടുത്ത് തെരുവുനായ നിൽക്കുന്നതു കണ്ടു.ആ നായ തന്നോട് പറഞ്ഞു ഡൽഹിയിലെ തെരുവുനായകൾ ദുരിതമനുഭവിക്കുകയാണെന്ന്.മുൻപിൻ നോക്കാതെ ഡൽഹിക്ക് വിട്ടു.ഭാര്യയോടും അടുത്ത സുഹൃത്തിനോടും മാത്രമാണ് യാത്രയുടെ കാര്യം അറിയിച്ചത്.ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ആക്രമിക്കപ്പെട്ട കേസിലാണ് പ്രതിയായ ഗുജറാത്ത് രാജ്കോട്ടിലെ സാക്‌രിയ രാജേഷ് ഭായ് ഖിംജിയുടെ സ്വപ്‌നത്തെ കുറിച്ചുള്ള വിശദീകരണം.
ഡൽഹിക്ക് പോകവെ മദ്ധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ കയറി.അവിടെ തുണ്ടുപേപ്പറുകളിലായി 'യെസ്', 'നോ' എന്നിങ്ങനെ എഴുതി ചുരുട്ടിയ ശേഷം ദേവന്റെ മുന്നിൽ കൊണ്ടിട്ട് അതിലൊന്ന് എടുത്തു. 'യെസ്' കിട്ടിയതോടെ ദേവന്റെ സമ്മതം കിട്ടിയെന്ന് അനുമാനിച്ച് നിരാഹാര സമരത്തിന് ഡൽഹിക്ക് കുതിച്ചുവെന്നും പൊലീസിനോട് പറഞ്ഞു.
ആഗസ്റ്റ് 20നായിരുന്നു സംഭവം.ഡൽഹി മുഖ്യമന്ത്രിയുടെ സിവിൽ ലൈൻസിലെ ക്യാമ്പ് ഓഫീസിൽ 'ജൻ സുൻവായ്' ജനസമ്പർക്ക പരിപാടി നടക്കുന്നതിനിടെയാണ് സാക്‌രിയ ആക്രമണം നടത്തിയത്.ഡൽഹിയിലെ തെരുവുനായകളെ മുഴുവൻ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്രണമെന്ന സുപ്രീംകോടതി വിധിയിൽ നായപ്രേമിയായ സാക്‌രിയ അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ അന്നുതന്നെ വ്യക്തമാക്കിയിരുന്നു.