കർശന നിയന്ത്രണം: തിരക്കൊഴിഞ്ഞ് ശബരിമല

Friday 21 November 2025 12:48 AM IST

ശബരിമല: ഹൈക്കോടതി നിർദ്ദേശപ്രകാരം പമ്പയിലും നിലയ്ക്കലും പരമ്പരാഗത കാനനപാതയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ശബരിമലയിൽ തിരക്കൊഴിഞ്ഞു. സ്പോട്ട് ബുക്കിംഗും കാനനപാതയിലൂടെ സഞ്ചരിക്കുന്നവരുടെ എണ്ണവും 5,​000 ആക്കിയിരുന്നു. ബുക്ക് ചെയ്യാത്ത തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടില്ല. എസ്.എ.പി, ഐ.ആർ.ബി സേനാംഗങ്ങൾ പതിനെട്ടാം പടിയിൽ ഭക്തരുടെ പടികയറ്റം വേഗത്തിലാക്കി. 24വരെ നിയന്ത്രണം തുടരും.

കഴിഞ്ഞ 18നാണ് സന്നിധാനത്ത് അപകടകരമായ നിലയിൽ തിരക്കുണ്ടായത്. തിരക്ക് നിയന്ത്രണത്തിനായി വിവിധ വകുപ്പ് മേധാവികളും ദേവസ്വം ബോർഡ് ഉന്നതരും രണ്ടു ദിവസത്തിലൊരിക്കൽ റിവ്യു മീറ്റിംഗ് നടത്തും. ഇതിനനുസരിച്ചായിരിക്കും ക്രമീകരണങ്ങളിൽ മാറ്റംവരുത്തുക.

കൂടുതൽ പേർക്ക് പ്രവേശനം

സ്പോട്ട് ബുക്കിംഗ് കോടതി 5,000 ആക്കിയെങ്കിലും ഇന്നലെ 8,000 പേർ ഇതുവഴി ദർശനം നടത്തി. 19ന് രാത്രിയോടെതന്നെ അടുത്ത ദിവസത്തേക്ക് 5,000പേർ സ്പോട്ട് ബുക്കിംഗ് നടത്തിയിരുന്നു. ഇതോടെ നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് നിറുത്തി. ഇന്നലെ പുലർച്ചെ നിലയ്ക്കലിലെത്തിയവർ സ്പോട്ട് ബുക്കിംഗ് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുമായി തർക്കിച്ചു. തുടർന്ന് സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ തിരക്ക് വിലയിരുത്തിയ ശേഷം 3,000പേർക്കുകൂടി പ്രവേശനം അനുവദിക്കുകയായിരുന്നു.