16കാരനെ ഐസിസിന്റെ കൂട്ടക്കൊല ദൃശ്യം കാട്ടി, ബോംബുണ്ടാക്കാൻ പഠിപ്പിച്ചു

Friday 21 November 2025 12:50 AM IST

തിരുവനന്തപുരം: പതിനാറുകാരനെ ഐസിസിൽ ചേർക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചു. അമ്മയുടെ സുഹൃത്ത് കുട്ടിയെ ഐസിസ് തീവ്രവാദികൾ ജനങ്ങളെ കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സ്ഥിരമായി കാണിച്ചിരുന്നതായും കുട്ടി വെഞ്ഞാറമൂട് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. പ്രഷർ കുക്കറിൽ ബോംബുണ്ടാക്കുന്നത് എങ്ങനെയെന്നും പഠിച്ചുവെന്നും കുട്ടിയുടെ മൊഴിയിലുണ്ട്.

ഷാൾഉപയോഗിച്ച് മുഖം മറച്ചശേഷം യുവതിയെയും മകനെയും തീവ്രവാദ ആശയങ്ങൾ പഠിപ്പിക്കുന്നതിന്റെ ചിത്രങ്ങളെടുത്ത് അയാൾ മറ്റാർക്കോ അയച്ചിരുന്നതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ യുവതിയുടെ ഭർത്താവും സുഹൃത്തും തമ്മിൽ വഴക്കുണ്ടാവുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അതിൽ പൊലീസ് യുവാവിനെയും അമ്മയെയും ചോദ്യം ചെയ്തിരുന്നു. അമ്മയുടെയും അച്ഛന്റെയും പേരിലുള്ള വസ്തു തന്റെ പേരിലാക്കണമെന്ന് പറഞ്ഞാണ് ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും അമ്മയുടെ സഹോദരിക്കൊപ്പമാണ് നാട്ടിലെത്തിയതെന്നും കുട്ടി മൊഴി നൽകി. എയർപോർട്ടിൽ കാത്തുനിന്ന് യുവതിയുടെ സുഹൃത്തിന്റെ അനുജനാണ് കല്ലമ്പലത്തുള്ള അനാഥാലയത്തിൽ എത്തിച്ചതെന്നും കുട്ടി മൊഴി നൽകി.

പതിനാറുകാരനെ ഐസിസിൽ ചേരാൻ നിർബന്ധിച്ചതിന് അമ്മയ്ക്കും സഹൃത്തിനുമെതിരെ വെഞ്ഞാറമൂട് പൊലീസാണ് യുഎപിഎ ചുമത്തി കേസെടുത്തത്. തീവ്രവാദ വിരുദ്ധ സേനയാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) പൊലീസിൽ നിന്ന് വിവരം ശേഖരിച്ചു.