ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തിന് തുടക്കം

Friday 21 November 2025 12:50 AM IST

തിരുവനന്തപുരം : ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന് തുടക്കമായി. പുലർച്ചെ തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്രത്തിനുള്ളിൽ നാലുചുറ്റും പണ്ഡിതർ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് വേദജപം ആരംഭിച്ചു. തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ, പ്രദീപ് നമ്പൂതിരിപ്പാട്, സജി നമ്പൂതിരിപ്പാട്, പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവർ ശ്രീപദ്മനാഭ സ്വാമിയ്ക്ക് പ്രത്യേക പുഷ്‌പാഞ്ജലിയും നിവേദ്യവും അർപ്പിച്ചു. രാവിലെ ആറു മുതൽ എട്ടുവരെയും ഒൻപത് മുതൽ 11വരെയുമായിരുന്നു ജപം. വൈകിട്ട് 6.30മുതൽ ഏഴുവരെ പദ്മതീർത്ഥത്തിൽ ജലജപവും നടന്നു.

രാത്രി 8.15ന് ശ്രീപദ്മനാഭസ്വാമിയെയും നരസിംഹസ്വാമിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും സിംഹാസനവാഹനത്തിൽ എഴുന്നള്ളിച്ചു. ശ്രീബലിക്ക് ക്ഷേത്രസ്ഥാനി മൂലംതിരുനാൾ രാമവർമ്മ അകമ്പടിയായി. ശൃംഗേരി, ഉടുപ്പി, ഉത്രാദി, കാഞ്ചീപുരം മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്കു പുറമെ ഹൈദരാബാദിലെ ചിന്നജീയർ സ്വാമിയും ജപത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ വലിയ ഭക്തജനതിരക്കാണ് . വൈകിട്ട് ജലജപം കാണാൻ പദ്മതീർത്ഥകരയിലും നിരവധി പേരെത്തി. വൈകിട്ട് കിഴക്കേനടയിൽ വന്ദേ പദ്മനാഭം കലാപരിപാടികൾ

തെലുങ്ക് നടൻ റാണ ദഗ്ഗുബതി ഉദ്ഘാടനം ചെയ്തു. ജനുവരി 10 വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് കലാപരിപാടികൾ. 56 ദിവസം നീണ്ടുനിൽക്കുന്ന മുറജപവുമായി ബന്ധപ്പെട്ട് ദർശനസമയങ്ങളിൽ മാറ്റമില്ല.

ഋക്,യജുർ,സാമ വേദങ്ങളുടെ ജപത്തിന് പുറമെ ഇക്കുറി അഥർവവേദവും ഉൾപ്പെടുത്തിയിട്ടുണ്ട്. 12ദിവസത്തെ പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതൽ ജനുവരി 7വരെ നടത്തും. പതിവുള്ള മാർകഴി കളഭം ജനുവരി 8മുതൽ 14വരെ. ജനുവരി 14നാണ് ലക്ഷദീപം.