മത്സരാർത്ഥികളെ പടമാക്കി സ്ഥാനാർത്ഥി വാഹിദ്

Friday 21 November 2025 12:54 AM IST

ആലപ്പുഴ നഗരസഭ തിരുമല വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എ വാഹിദ് തന്റെ പ്രിന്റിംഗ് സ്ഥാപനത്തിൽ

ആലപ്പുഴ: വിവിധ സ്ഥാനാർത്ഥികൾക്കുള്ള പോസ്റ്ററും ഫ്ലക്സും പ്രിന്റ് ചെയ്യണം. ഇതിനിടെ സമയം കണ്ടെത്തി തനിക്കായി വോട്ടും തേടണം. തിരക്കോടു തിരക്കിലാണ് ആലപ്പുഴ നഗരസഭ തിരുമല വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി.എ. വാഹിദ്. ആലപ്പുഴ ടൗണിലെ സൂര്യ സൈൻ പ്രിന്റിംഗ്‌സ് ഉടമയാണ് വാഹിദ്.

ഇടതു മുന്നണി, എൻ.ഡി.എ സ്ഥാനാർത്ഥികളും സ്വതന്ത്രരുമുൾപ്പെടെ ഒട്ടേറെപ്പേർ വാഹിദിന്റെ കസ്റ്റമർമാരാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയാണെന്ന കാരണത്താൽ എതിരാളികൾക്കൊന്നും കലിപ്പില്ല. ഓർഡർ കുറഞ്ഞിട്ടുമില്ല. വാഹിദിന്റെ സൗഹൃദബന്ധം അതാണ്.

കഴിഞ്ഞ തവണ ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ സീറ്റിൽ സ്വതന്ത്രനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് അനുഭാവിയായ വാഹിദിന് ഇത്തവണ പാർട്ടി സീറ്റുനൽകി. ഉടൻ തന്നെ സ്വന്തം പോസ്റ്ററും ഫ്ളക്സും പ്രിന്റുചെയ്ത് വച്ചു.

നാൽപത് വർഷം മുമ്പ് ചുവർ ചിത്രങ്ങൾ വരച്ചു തുടങ്ങിയതാണ്. പിന്നീട് സൺ ഫിലിം സ്റ്റിക്കറിന്റെ വ്യാപാരമായി. 22 വർഷം മുമ്പാണ് സൂര്യാ സൈൻ ആരംഭിച്ചത്.