നിങ്ങൾ തേടിവരുമെന്ന് ഉറപ്പായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പത്മകുമാർ; കടകംപള്ളിയെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യൽ.
കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് പത്മകുമാർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാർ നേരത്തേ പറഞ്ഞിരുന്നു.
ഇന്നലെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. നിലവിൽ റിമാൻഡിലാണ്. എസ് ഐ ടി അധികം വൈകാതെ കസ്റ്റഡി അപേക്ഷ നൽകിയേക്കും. സ്വന്തം കൈപ്പടയിലെഴുതിയ രേഖകൾ ആണ് പത്മകുമാറിന് കുരുക്കായതെന്നാണ് റിപ്പോർട്ടുകൾ.
അംഗങ്ങൾ അറിയാതെ പത്മകുമാർ ബോർഡ് മിനിട്സിൽ തിരുത്തൽ വരുത്തി. പച്ചമഷി കൊണ്ടാണ് തിരുത്തൽ വരുത്തിയത്. ഇത് നിർണായക തെളിവായി. ചിരിച്ചുകൊണ്ടാണ് പത്മകുമാർ അന്വേഷണ സംഘത്തോട് സംസാരിച്ചത്. നിങ്ങൾ തേടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്നാണ് എസ് ഐ ടിയോട് പറഞ്ഞത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ ദേവസ്വം ബോർഡിൽ ആദ്യം നിർദേശംവച്ചത് പത്മകുമാറാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തൽ. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. മുൻ പ്രസിഡന്റ് എൻ വാസു റിമാൻഡിലാണ്. കേസിൽ എട്ടാം പ്രതിയായി പത്മകുമാർ അദ്ധ്യക്ഷനായ ബോർഡിനെയാണ് ചേർത്തിരുന്നത്. ബോർഡംഗങ്ങളായ കെ പി ശങ്കരദാസ്, എ വിജയകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തേക്കും. ഇന്നലെ രാത്രിയോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിലടച്ചു.