വൈഷ്‌ണയുടെ വോട്ട് വെട്ടിയതിന് പിന്നിൽ ആര്യാ രാജേന്ദ്രൻ? കോടതി ഇടപെട്ടതോടെ തന്ത്രം പൊളിഞ്ഞുവെന്ന് കോൺഗ്രസ്

Friday 21 November 2025 10:18 AM IST

തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്‌ണയുടെ വോട്ട് ഒഴിവാക്കിയതിൽ മേയർ ആര്യാ രാജേന്ദ്രനും പങ്കെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആര്യാ രാജേന്ദ്രൻ നേരിട്ടെത്തി കോർപ്പറേഷൻ ഉദ്യോഗസ്ഥരെ കണ്ടുവെന്നും ഇടതുസംഘടനാ നേതാക്കളാണ് ഇതിന് നേതൃത്വം നൽകിയതെന്നും മുരളീധരൻ ആരോപിച്ചു.

വൈഷ്‌ണയുടെ വോട്ട് വെട്ടിയതിൽ കോർപ്പറേഷനിലെ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി, ഹിയറിംഗ് ഉദ്യോഗസ്ഥൻ, അന്വേഷണ ഉദ്യോഗസ്ഥ എന്നിവർക്ക് ഗുരുതരമായ വീഴ്‌ചയുണ്ടായി എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തൽ. എന്നാൽ ഇത് ഉദ്യോഗസ്ഥർ മാത്രം ചെയ്‌തതല്ലെന്നും സിപിഎം നേതാക്കളുടെ ഗൂഢാലോചനയാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

യുഡിഎഫ് ഏറ്റവും പ്രായം കുറഞ്ഞ ആളെ മുട്ടട വാർഡിൽ രംഗത്തിറക്കിയതോടെ സിപിഎം വളഞ്ഞവഴിയിലൂടെ പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. അഡീഷണൽ സെക്രട്ടറി സജികുമാർ മുതൽ അന്വേഷണത്തിന് പോയ ബിൽ കളക്‌ടർ വരെയുള്ളവർ സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

സംരക്ഷിച്ചുകൊള്ളാമെന്ന സിപിഎമ്മിന്റെ ഉറപ്പിന്റെ പേരിലാണ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക നിയമങ്ങൾ പോലും കാറ്റിൽപ്പറത്തിയതെന്നും മുരളീധരൻ പറഞ്ഞു. വോട്ട് നീക്കിയത് പുനഃപരിശോധിക്കാൻ ഹൈക്കോടതി പറഞ്ഞ ദിവസം മേയർ ഓഫീസിലെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈഷ്‌ണയുടെ വീട്ടിൽ താമസിക്കുന്നവരെ ഭീഷണിപ്പെടുത്തി പേപ്പറുകൾ ഒപ്പിട്ടുവാങ്ങി. ഇതിന്റെ വീഡിയോയും പുറത്തുവന്നു. എന്തിനാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഈ വീട്ടിൽ പോയതെന്ന് വ്യക്തമാക്കാൻ അധികൃതർക്കായിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരാക്കാനെന്ന പേരിലാണ് എഴുതിവാങ്ങിയത്. എന്നാൽ, വീഡിയോയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെയാണ് ഒപ്പിട്ട പേപ്പറുകൾ ഹാജരാക്കാതെ മുക്കിയതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇടത് സ്ഥാനാർത്ഥിയും നിലവിൽ കൗൺസിലറുമായ വ്യക്തിക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്‌‌ത് വാടകക്കാരെ ഭീഷണിപ്പെടുത്തിയതെന്നും കോൺഗ്രസ് പറഞ്ഞു. എന്നാൽ, സംഭവത്തിൽ ഇതുവരെ കോർപ്പറേഷൻ പഴയ ഭരണസമിതി പ്രതികരിച്ചിട്ടില്ല. വോട്ട് വെട്ടിയതിൽ സിപിഎമ്മിന് പങ്കില്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ് പങ്കുള്ളതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി ജോയി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.