എ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി സിപിഎം, പാർട്ടിക്ക് പുറത്തേക്കോ?

Friday 21 November 2025 11:42 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സിപിഎം ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ പാർട്ടിയുടെ പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗമാണ് പത്മകുമാർ. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കുമെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ആ തീരുമാനം പത്തനംതിട്ട ജില്ലാകമ്മിറ്റിയെ അറിയിക്കും. തുടർ നടപടികൾ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റായിരിക്കും നടപ്പാക്കുക. പത്മകുമാറിന്റെ അറസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാർട്ടിയുടെ മുഖം രക്ഷിക്കാൻ കടുത്ത നടപടിതന്നെവേണമെന്നാണ് പൊതുവേയുള്ള ആവശ്യം.

പാർട്ടിക്ക് പ്രിയപ്പെട്ടവർ സത്യസന്ധർ മാത്രമാണെന്ന് ഇന്നലെ സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി പത്മകുമാറിനെ കൈവിടുന്നു എന്നതിന് വ്യക്തമായ തെളിവാണ്. അറസ്റ്റ് ഒഴിവാക്കാനായി പത്മകുമാർ പാർട്ടിയിലെ പല ഉന്നതരുമായും ബന്ധപ്പെട്ടെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞിരുന്നു.എസ്‌ഐടിയുടെ അന്വേഷണത്തിൽ ഇടപെടില്ല. ഒരാളെപോലും സംരക്ഷിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കില്ല എന്നുമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഇന്നലെ പറഞ്ഞത്.

നേരത്തേതന്നെ കളങ്കിത പശ്ചാത്തലം ഉള്ളതിനാൽ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ നിന്നെല്ലാം പത്മകുമാറിനെ മാറ്റിനിറുത്തിയിരിക്കുകയായിരുന്നു. മന്ത്രി വീണാജോർജിനെ പാർട്ടി സംസ്ഥാനസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയതിനെ പത്മകുമാർ പരസ്യമായി ചോദ്യം ചെയ്തിരുന്നു. ഇതും പാർട്ടി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറാൻ കാരണമായി.

രാഷ്ട്രീയപ്രവർത്തനത്തിനാെപ്പം എൺപതുകളിൽ കാർകച്ചവടം, റിയൽ എസ്റ്റേറ്റ്, സിമന്റ് ബിസിനസുകൾ അദ്ദേഹം നടത്തിയിരുന്നു. ആറന്മുള നാൽക്കാലിക്കൽ സഹകരണബാങ്ക് പ്രസിഡന്റായിരിക്കെ കടുത്ത സാമ്പത്തിക ക്രമക്കേട് വൻ വിവാദമായിരുന്നു. ഒരിക്കൽ കടുത്ത സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിയ പത്മകുമാർ പിന്നീട് സാമ്പത്തികമായി ഉയർന്ന നിലയിലെത്തിയതതെങ്ങനെയെന്നതും പാർട്ടി കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.