'കൂടെക്കൂടിയവർ തെറ്റിദ്ധരിപ്പിക്കുന്നു, ഭർത്താവുമായുളളത് കുടുംബപ്രശ്നമല്ല'; വെളിപ്പെടുത്തലുമായി ജീജി മാരിയോ

Friday 21 November 2025 11:48 AM IST

തൃശൂർ: ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്ന കൗൺസിലിംഗ് ദമ്പതികൾ തമ്മിലുളള തർക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 25നാണ് മാരിയോ ജോസഫും ഭാര്യ ജീജി മാരിയോയും തമ്മിലുളള തർക്കം അതിരുകടന്നത്. മാരിയോ ജോസഫ് യുവതിയുടെ തലയിൽ ടി വി ബോക്സെടുത്ത് അടിക്കുകയും കൈകൾ കടിച്ചുമുറിക്കുകയും 70,000 രൂപയുടെ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തിരുന്നു. സംഭവം പുറത്തായതോടെ ദമ്പതികൾക്കെതിരെ വ്യാപക വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ ജീജി മാരിയോ ഭർത്താവ് ആക്രമിച്ചതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

ഭർത്താവുമായി കുടുംബപ്രശ്നമില്ല, പ്രൊഫഷണൽ പ്രശ്നമാണുളളതെന്നാണ് ജീജി പറഞ്ഞത്. 'ഫിലോകാലിയ എന്ന പേരിൽ ട്രസ്റ്റ് നിലവിലുള്ളപ്പോൾ അതേപേരിൽ കമ്പനി ആക്ട് അനുസരിച്ച് മാരിയോ ജോസഫ് പ്രത്യേക സ്ഥാപനം തുടങ്ങി. അവിടെയാണ് പ്രശ്നം തുടങ്ങിയത്. സ്ഥാപനത്തിൽ പ്രശ്നമുണ്ടായപ്പോൾ ഞാൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ കൂടെക്കൂടിയവർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഫിലോകാലിയയിൽ ബോർഡ് അംഗങ്ങൾക്ക് ശമ്പളമില്ല. കമ്പനി ആക്ട് പ്രകാരം തുടങ്ങിയ പുതിയ പ്രസ്ഥാനത്തിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങാം. അതിനാലാണ് ബോർഡ് അംഗങ്ങൾ ട്രസ്റ്റിനെ തകർക്കാൻ നോക്കിയത്'- ജീജി പറഞ്ഞു.

ദമ്പതികൾ കുടുംബത്തർക്കം പറഞ്ഞു തീർക്കുന്നതിനിടെയാണ് തമ്മിൽത്തല്ലിയത്. സ്വരച്ചേർച്ചയില്ലാതെ ഇരുവരും ഒൻപത് മാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാൻ ജീജി ഭർത്താവ് മാരിയോയുടെ വീട്ടിലെത്തി. സംസാരത്തിനിടെ പ്രശ്‌നം വഷളായി. തുടർന്ന് ജീജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു. കുടുംബ ധ്യാന പരിപാടിയിലൂടെ സാമൂഹ്യ മാദ്ധ്യമത്തിൽ ശ്രദ്ധ നേടിയ ദമ്പതികൾ. സംഭവത്തിൽ മാരിയോയ്ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരുമാസം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. ജീജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.