'മണ്ടത്തരങ്ങൾ പറയുന്നവരെ പൊട്ടൻ എന്ന് വിളിക്കും, അതിലും കൂടിയ ഐറ്റമാണെങ്കിൽ മരപ്പൊട്ടൻ, പക്ഷേ അതിനുമപ്പുറമായാൽ എന്ത് വിളിക്കും'
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ നടന്ന റെയ്ഡുമായി ബന്ധപ്പെട്ടുള്ള സുരേഷ് ഗോപിയുടെ പരാമർശങ്ങളെയാണ് ശാന്തിവിള ദിനേശ് വിമർശിച്ചത്. യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എന്തുപറ്റി ഈ സുരേഷ് ഗോപിക്കെന്ന് ഞാൻ പലപ്പോഴും ആലോചിക്കുന്ന കാര്യമാണ്. നാൽപ്പത് വർഷമായി ഞാൻ അദ്ദേഹത്തെ കാണാൻ തുടങ്ങിയിട്ട്. ഒരു കുഴപ്പവുമില്ലാത്ത മനുഷ്യനായിരുന്നു. കരുണാകരന്റെ സപ്തതിക്ക് ആഹാരം വിളമ്പാൻ നടക്കുമ്പോഴായാലും ശരി, മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ പെർമിഷനില്ലാതെ അദ്ദേഹം പ്രചാരണം നടത്തുന്ന ജീപ്പിൽ തൂങ്ങിക്കയറിയപ്പോഴും ശരി വലിയ കുഴപ്പമൊന്നുമില്ലായിരുന്നു. ബിജെപിയിൽ പോയപ്പോഴും കുഴപ്പമില്ലായിരുന്നു.
കേരളത്തിൽ ഞാൻ അല്ലാതെ വേറൊരു അൽപൻ ഉണ്ടാകരുതെന്ന് തോന്നുന്ന രീതിയിൽ എന്തൊക്കെ കള്ളങ്ങളാണ് ഈ മനുഷ്യൻ പറയുന്നത്. കലുങ്ക് സമ്മേളനം എന്നും പറഞ്ഞ് തൃശൂരെ പാവങ്ങളെ വിളിച്ചുവരുത്തി എന്തെല്ലാം വങ്കത്തരങ്ങളാണ് ഈ മനുഷ്യൻ പറയുന്നതെന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല.
ശബരിമലയിൽ സ്വർണപ്പാളികൾ കാണാതായ വിഷയമുണ്ടല്ലോ. ആ വാർത്ത മറച്ചുപിടിക്കാനാണത്രേ ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ കസ്റ്റംസും ഇഡിയും അന്വേഷിക്കുന്നത്. നമ്മൾ മണ്ടത്തരങ്ങൾ പറയുന്നവരെ പൊട്ടൻ എന്ന് വിളിക്കാറുണ്ട്. അതിലും കൂടിയ ഐറ്റമാണെങ്കിൽ മരപ്പൊട്ടൻ എന്ന് പറയും. പക്ഷേ അതിനുമപ്പുറമായാൽ എന്ത് വിളിക്കും. കസ്റ്റംസായാലും ഇഡിയായാലും കേന്ദ്രത്തിന്റെ സ്ഥാപനങ്ങളാണെന്നുള്ള സാമാന്യവിവരം പോലും ഇല്ലാത്ത ആളൊന്നുമല്ല ഈ വിദ്വാൻ. എന്നാലും മൈക്ക് കിട്ടിയാൽ വച്ചുകാച്ചുന്നത് ഇങ്ങനെയൊക്കെയാണ്. തൃശൂരിലുള്ളവർ മണ്ടന്മാരാണെന്നാണ് പുള്ളി വിചാരിക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കിൽ കസ്റ്റംസിനെയും ഇഡിയേയും പിണറായി വിജയൻ ഇറക്കികളിക്കുകയാണെന്ന് പുള്ളി പറയുമോ?'- ശാന്തി വിള ദിനേശ് വ്യക്തമാക്കി.