ട്രെയിനിലെ ചാർജിംഗ് പോയിന്റുകൊണ്ടൊരു സൂത്രമുണ്ട്; ആരും ചിന്തിക്കാത്ത കാര്യം ചെയ്‌ത് യാത്രക്കാരി

Friday 21 November 2025 1:18 PM IST

ന്യൂഡൽഹി: ദീർഘദൂര യാത്രകൾക്കായി മിക്കവരും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ ട്രെയിനിലെ ഭക്ഷണം കഴിക്കേണ്ടിവരും. എന്നാൽ ട്രെയിനിലെ ഭക്ഷണം സേഫ് ആണോ എന്ന ആശങ്ക പലർക്കുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ ചിലർ ഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്യും.

എന്നാൽ ഒരു യാത്രക്കാരി ട്രെയിനിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് കെറ്റിൽ ഉപയോഗിച്ച് ന്യൂഡിൽസ് പാകം ചെയ്യുകയായിരുന്നു യുവതി. ട്രെയിനിലെ ഫോൺ ചാർജിംഗ് പോയിന്റിലാണ് കെറ്റിൽ കുത്തിയിരിക്കുന്നത്.

കെറ്റിലിൽ വെള്ളമൊഴിച്ച് ന്യൂഡിൽസ് ഇട്ടാണ് പാകം ചെയ്യുന്നത്. സ്പൂൺ അടക്കമുള്ളവ സ്ത്രീയുടെ കൈയിലുണ്ട്. ഈ വീഡിയോ വളരെപ്പെട്ടെന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് ഏത് ട്രെയിനാണെന്ന് വ്യക്തമല്ല. ദീർഘദൂര യാത്രക്കാർക്ക് ചെയ്യാൻ പറ്റുന്ന നല്ലൊരു സൂത്രമാണിതെന്നാണ് ചിലർ കമന്റ് ചെയ്‌തിരിക്കുന്നത്.

എന്നാൽ മറ്റുചിലർ ഇതിനെ രൂക്ഷമായാണ് വിമർശിക്കുന്നത്. ഫോണുകൾ ചാർജ് ചെയ്യാൻ മാത്രമാണ് ഇത് രൂപകൽപന ചെയ്‌തിരിക്കുന്നത്. എന്നാൽ മറ്റ് ആവശ്യങ്ങൾ ട്രെയിനിലെ വൈദ്യുതി ഉപയോഗിക്കുമ്പോൾ തീപിടിക്കാൻ സാദ്ധ്യതയുണ്ടെന്നും ട്രെയിനിലെ മുഴുവൻ ആളുകളുടെയും ജീവന് ഭീഷണിയാണെന്നൊക്കെയാണ് മറ്റുചിലർ കമന്റ് ചെയ്‌തിരിക്കുന്നത്. ' ടിക്കറ്റിന് പണം നൽകിയതുകൊണ്ട് ഇഷ്ടമുള്ളതെല്ലാം ട്രെയിനിൽ ചെയ്യാമെന്നാണ് ചിലർ കരുതുന്നത്. ഇതാണ് ഇവിടത്തെ പ്രശ്നം. പണമുണ്ടെന്ന് കരുതി പൗരബോധം വിലക്കുവാങ്ങാനാകില്ല.' എന്നാണ് മറ്റൊരാളുടെ കമന്റ്.