പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്: ആരുമറിയാതെ രേഖകൾ തിരുത്തി, സ്വർണക്കൊള്ളയ്ക്ക് തുടക്കമിട്ടു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളുമായി റിമാൻഡ് റിപ്പോർട്ട്. സ്വർണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം അപഹരിക്കാൻ പത്മകുമാർ ഒത്താശചെയ്തുകൊടുത്തു, കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തി, ബോർഡ് യോഗത്തിന്റെ മിനിട്സിൽ കൃത്രിമം കാണിച്ചു എന്നെല്ലാം റിപ്പോർട്ടിലുണ്ട്.
2019 മാർച്ച് 19നുചേർന്ന യാേഗത്തിന്റെ മിനിട്സിലാണ് കൃത്രിമം കാണിച്ചത്. സ്വർണം പൂശാനായി കൊണ്ടുപോയ പാളികൾ സ്വർണം പൂശി തിരികെയെത്തിക്കുമ്പോൾ അത് പുനഃസ്ഥാപിക്കാൻ വേണ്ടിയുളള അനുമതിക്കായാണ് ബോർഡ് യോഗം ചേർന്നത്. സ്വർണം പൊതിഞ്ഞ പിച്ചള എന്നായിരുന്നു ബോർഡിന്റെ നോട്‌സിൽ ഉണ്ടായിരുന്നത്. ഇത് വെട്ടിയശേഷം സ്വന്തം കൈയക്ഷരത്തിൽ ചെമ്പ് എന്നെഴുതിവച്ചു. ബോർഡിലെ മറ്റംഗങ്ങൾക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു എന്നുമാണ് അന്വേഷണസംഘം പറയുന്നത്. വെട്ടിത്തിരുത്തലുകൾ വരുത്തിയശേഷം ബോർഡിന്റെ അനുമതി ഇല്ലാതെ പ്രസിഡന്റ് എന്നനിലയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കുന്നു എന്നെഴുതി ഒപ്പിടുകയും ചെയ്തു. അങ്ങനെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണക്കൊള്ളയ്ക്കുള്ള വഴിയൊരുക്കിക്കൊടുത്തതെന്നും അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിജയ് മല്യ 1998ൽ നൽകിയത് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളാണെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് പത്മകുമാർ, ശബരിമലയിലെ ഉരുപ്പടികൾ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന മാന്വലിലെ നിബന്ധന അറിയാവുന്ന ആളാണെന്നും അത് ലംഘിച്ചാണ് ഇവ പുറത്തേക്ക് കൊണ്ടുപാേകാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.