പത്മകുമാറിന് കുരുക്ക് മുറുകുന്നു; ആറന്മുളയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

Friday 21 November 2025 2:31 PM IST

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്​റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകൾ പത്മകുമാറിന്റെ വീട്ടിലാണ് നടന്നതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടുമണിക്കൂറായി പരിശോധന തുടരുകയാണ്. വനിതാ ഉദ്യോഗസ്ഥരടക്കമുളളവരാണ് എത്തിയത്. കേസിൽ മുൻപ് അറസ്​റ്റിലായവരുടെ വീടുകളിലും അന്വേഷണ സംഘം സമാനമായ രീതിയിൽ പരിശോധന നടത്തിയിരുന്നു.

കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ് പത്മകുമാർ. മുൻ പ്രസിഡന്റ് എൻ വാസു റിമാൻഡിലാണ്. കേസിൽ എട്ടാംപ്രതിയായി പത്മകുമാർ അദ്ധ്യക്ഷനായ ബോർഡിനെയാണ് ചേർത്തിരുന്നത്. പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന പത്മകുമാർ, കസ്റ്റഡിയിലെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പത്തരയോടെ ചോദ്യംചെയ്തു തുടങ്ങി. മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട്, പണമിടപാട് വിവരങ്ങളും സാമ്പത്തികസ്രോതസും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.