വാഹനാപകടത്തിൽ നവവധുവിന് ഗുരുതര പരിക്ക്, ആശുപത്രി മുറിയിൽ വച്ച് താലിചാർത്തി വരൻ
ആലപ്പുഴ: വാഹനാപകടം ഒരുക്കങ്ങളെ തകർത്തെങ്കിലും പ്രണയത്തെ തളർത്താനായില്ല. നിശ്ചയിച്ച മുഹൂർത്തത്തിൽ ആശുപത്രിയിലുള്ളവരെ സാക്ഷിയാക്കി വരൻ വധുവിനെ താലികെട്ടി ജീവിതസഖിയാക്കി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് അപകടത്തിന്റെ ഭീതിയിലും പരസ്പരം കൈകോർത്ത് വിവാഹിതരായത്.
ഇന്ന് ഉച്ചയ്ക്ക് 12.12നും 12.25നും ഇടയിലുള്ള മുഹൂർത്തത്തിൽ ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്ത് പോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആവണിയെ കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശുപത്രിയിൽ താലികെട്ട് നടത്താൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
ഇരുവരും വിവാഹിതരായ അതേസമയത്തുതന്നെ ഓഡിറ്റോറിയത്തിൽ വിവാഹസദ്യയും വിളമ്പി. ആവണിയുടെ നട്ടെല്ലിനും കാലിന്റെ എല്ലിനും പരിക്കേറ്റിട്ടുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെയുണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റു. ഇവർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.