വിഴിഞ്ഞം തുറമുഖത്തിന് എമിഗ്രേഷൻ ക്ലിയറൻസ് അനുമതി; ഇനി സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ സാദ്ധ്യതകൾ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നിന്ന് ചരക്കുകൾ റോഡ് - റെയിൽ മാർഗങ്ങളിലൂടെ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാനാകും. ചരക്കുമായി കൂടുതൽ കപ്പലുകൾ എത്തുന്നതോടെ സംസ്ഥാനത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാകും.
നിലവിൽ ചരക്കുകൾ വലിയ കപ്പലുകളിൽ എത്തിക്കുകയും തുടർന്ന് തുറമുഖത്ത് നിന്ന് ചെറിയ ഫീഡർ കപ്പലുകളിലായി മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയാണിത്. എന്നാൽ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് അനുമതി ലഭിച്ചതോടെ സമയവും ചെലവും വൻതോതിൽ ലാഭിക്കാനാകും. ഒപ്പം സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് മേഖലയ്‌ക്കും നിക്ഷേപ സാദ്ധ്യതകൾക്കും ഇത് വലിയ ഉയർച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.
തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ നിർമാണം തുടരുകയാണെന്നും ഒരു മാസത്തിനകം പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടെ വിഴിഞ്ഞം ദക്ഷിണേന്ത്യയിലെ പ്രധാന ചരക്ക് ഹബ്ബായി ഉയർന്നുവരുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.