ലിവ്-ഇൻ പങ്കാളിയെ പുറത്ത് പോകാൻ അനുവദിക്കില്ല; വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം, യുവ മോർച്ചാ നേതാവ് അറസ്‌റ്റിൽ

Friday 21 November 2025 4:04 PM IST

കൊച്ചി: പങ്കാളിയെ കേബിൾ വയറുകൊണ്ട് മർദ്ദിച്ച യുവമോർച്ച നേതാവ് അറസ്റ്റ‌ിൽ. യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനാണ് അറ‌സ്റ്റ‌ിലായത്. യുവതി മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്‌റ്റ്. ഇവരുടെ ദേഹം മുഴുവൻ മർദ്ദനത്തിന്റെ പാടുകളുണ്ട്. വിവാഹ മോചിതയായ യുവതിയും ഗോപു പരമശിവനും കഴിഞ്ഞ അഞ്ചു വർഷമായി ഒന്നിച്ച് താമസിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു.

മർദ്ദനത്തിനെത്തുടർന്നാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്. ഗോപു പരമശിവന്റെ പരാതിയെത്തുടർന്ന് പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ്, സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ചു. തുടർന്നാണ് പെൺകുട്ടി സ്റ്റേഷനിലെത്തി യുവാവിനെതിരെ പരാതി നൽകിയത്. താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പുറത്തുപോകാൻ അനുവദിക്കാറില്ലായിരുന്നെന്നും വീട്ടിൽ പൂട്ടിയിടുമായിരുന്നെന്നും പരാതിയിൽ പറയുന്നു. തന്റെ മുൻബന്ധത്തിലെ കുട്ടികളെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി.