ഇന്ത്യ ലോകകപ്പ് ഉയർത്തിയ സ്റ്റേഡിയത്തിൽ വച്ച് പ്രൊപ്പോസൽ, സ്‌മൃതി മന്ദാനക്ക് മോതിരമണിയിച്ച് പലാഷ്
മുംബയ്: ഇന്ത്യ ലോകകപ്പ് ഉയർത്തിയ സ്റ്റേഡിയത്തിൽ വനിതാ ക്രിക്കറ്റ് താരം സ്‌മൃതി മന്ദാനയെ പ്രൊപ്പോസ് ചെയ്‌ത് സംഗീത സംവിധായകൻ പലാഷ് മുച്ചൽ. ഇതിന്റെ ദൃശ്യങ്ങൾ പലാഷ് പുറത്തുവിട്ടിട്ടുണ്ട്. മുംബയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് സ്‌മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് പലാഷ് കൊണ്ടുവരുന്നു.ശേഷം മുട്ടുകുത്തി നിന്ന് സ്‌മൃതിയെ പ്രൊപ്പോസ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്‌ചയാണ് പലാഷ് മുച്ചാലുമായുള്ള ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർ താരത്തിന്റെ വിവാഹം.
കഴിഞ്ഞ ദിവസം സഹതാരങ്ങളോടൊപ്പം നൃത്തം ചെയ്‌ത് പലാഷ് മുച്ചലുമായുള്ള തന്റെ വിവാഹവിവരം ഇൻസ്റ്റഗ്രാമിലൂടെ സ്‌മൃതി പുറത്തുവിട്ടിരുന്നു. ജെമീമ റോഡ്രിഗസ്,ശ്രേയാങ്ക പട്ടേൽ, രാധാ യാദവ്, അരുന്ധതി റെഡ്‌ഡി എന്നിവരായിരുന്നു താരത്തിനൊപ്പം നൃത്തം ചെയ്‌തത്. ഇതിനുപിന്നാലെയാണ് ഇന്ന് പലാഷ് ചിത്രം പങ്കുവച്ചത്. സ്‌മൃതിയ്‌ക്കും പലാഷിനും എന്നേക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ നേർന്നു. 2019ൽ പ്രണയബന്ധത്തിലായ ഇരുവരും അഞ്ച് വർഷത്തോളം വിവരം രഹസ്യമായി സൂക്ഷിച്ചു. 2024ലാണ് വിവരം പുറത്തുവിട്ടത്.