എറിക്ക് തിരിച്ചെറി; ആഷസിന് ആവേശത്തുടക്കം, പെര്‍ത്തില്‍ ആദ്യദിനം ബൗളര്‍മാരുടെ അഴിഞ്ഞാട്ടം

Friday 21 November 2025 6:57 PM IST

പെര്‍ത്ത്: ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഗംഭീരമായ തുടക്കം. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ദിനം സന്ദര്‍ശകരായ ഇംഗ്ലണ്ടിന് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയ 123ന് ഒമ്പത് എന്ന നിലയിലാണ്. ബൗളര്‍മാരെ ഒപ്റ്റസ് സ്റ്റേഡിയത്തിലെ പിച്ച് കാര്യമായി തന്നെ സഹായിച്ചപ്പോള്‍ ആദ്യ ദിനം വീണത് 19 വിക്കറ്റുകളാണ്. ബാറ്റര്‍മാരെ ഒരുതരത്തിലും നിലയുറപ്പിക്കാന്‍ അനുവദിക്കാത്ത പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് 52(61) ആണ് ടോപ് സ്‌കോറര്‍. ഒലി പോപ്പ് 46(58), ജേമി സ്മിത്ത് 33(22), എന്നിവരും തിളങ്ങി. ബെന്‍ ഡക്കറ്റ് 21 (20) മാത്രമാണ് പിന്നീട് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് ഏഴ് വിക്കറ്റുകള്‍ പിഴുതു. ബ്രെന്‍ഡന്‍ ഡോഗറ്റിന് രണ്ട് വിക്കറ്റ് കിട്ടിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റ് പ്രകടനവുമായി കളം നിറയുകയായിരുന്നു. ജോഫ്ര ആര്‍ച്ചര്‍, ബ്രൈഡന്‍ കാഴ്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം ലഭിച്ചു. 26 റണ്‍സെടുത്ത് പുറത്തായ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 24(50), ട്രാവിസ് ഹെഡ് 21(35), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 17(49) മിച്ചല്‍ സ്റ്റാര്‍ക്ക് 12(12) എന്നിവരാണ് പിന്നീട് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. നേഥന്‍ ലയണ്‍ 3*(13), ബ്രെന്‍ഡന്‍ ഡോഗറ്റ് 0*(0) എന്നിവരാണ് ക്രീസിലുള്ളത്.